Friday, 18 November 2016

അനുഭവങ്ങള്‍, പാളിച്ചകള്‍, തിരിച്ചറിവുകള്‍

ചില ആളുകള്‍ അവരുടെ വാക്കുകള്‍ കൊണ്ട് നമ്മെ അമ്പരപ്പിക്കും. ചില ആളുകള്‍ പെരുമാറ്റം കൊണ്ടും. എന്നാല്‍, ചില ആളുകളുടെ സാമീപ്യം മാത്രം മതി ചില തിരിച്ചറിവുകള്‍ ഉണ്ടാകാന്‍.
അഖിലിനും മറ്റ് സുഹൃത്തുക്കള്‍ക്കും ഒപ്പം കേരളാ യൂണിവേഴ്സിറ്റിയില്‍

മലയാളത്തിലെ ആദ്യ ഫേസ്ബുക്ക് നോവലായ 'ഓജോ ബോര്‍ഡ്'-ന്‍റെ എഴുത്തുകാരന്‍ അഖില്‍ പി. ധര്‍മജനെപ്പറ്റി ആദ്യം വായിക്കുമ്പോള്‍ ഇവന്‍ ആള് കൊള്ളാമല്ലോ എന്ന് തോന്നിയെങ്കിലും പയ്യപ്പയ്യെ 'ഇതൊക്കെ വേണമെങ്കില്‍ നമ്മുക്കും ചെയ്യാവുന്നതല്ലേ ഉള്ളൂ. പിന്നെ വേണ്ടാന്ന് വെച്ചിട്ടല്ലേ?" എന്ന രീതിയിലേയ്ക്ക് ചിന്ത വഴിമാറി. സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുന്ന സമയത്ത് ചില ചെറിയ രചനാമത്സരങ്ങളില്‍ സമ്മാനം നേടിയതുകൊണ്ടും അല്‍പ്പം സാഹിത്യം ഒക്കെ വഴങ്ങും എന്ന ചിന്ത ഉള്ളതുകൊണ്ടും ഉണ്ടായ ചെറിയ ഒരു അഹങ്കാരം.

മികച്ചത് എന്നൊന്നും അവകാശപ്പെടാന്‍ പറ്റില്ലെങ്കിലും സ്ഥിരമായി എഴുത്ത് നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ബ്ലോഗില്‍ ആണ് എഴുത്ത്. ചുരുക്കം ചില ആളുകളിലേയ്ക്ക് എത്തിയിരുന്ന ഒരു ബ്ലോഗ്‌. എഴുതിയതിന്‍റെ ആശയത്തെക്കുറിച്ചോ ശൈലിയെക്കുറിച്ചോ ആരുടേയും അഭിപ്രായങ്ങള്‍ ആവശ്യമില്ല എന്നതുകൊണ്ടാണോ എഴുതിയത് മോശമാണോ എന്ന പേടികൊണ്ടാണോ എന്നറിയില്ല, വല്യ പബ്ലിസിറ്റി നല്‍കാന്‍ മെനക്കെട്ടിട്ടില്ല.

അങ്ങനെ മനസ്സില്‍ തോന്നിയതൊക്കെ കവിതകളായ ബാംഗ്ലൂര്‍ ജീവിതകാലത്തിന് ശേഷം മനപൂര്‍വമല്ലാതെ എഴുത്തില്‍ മുടക്ക് വന്നു. അങ്ങനെ ഒന്നും എഴുതാതെ കുറേ നാളുകള്‍ പിന്നിട്ടപ്പോഴാണ് വീണ്ടും എഴുതണം എന്ന ആഗ്രഹം തലപൊക്കിയത്. ഒരുപാട് ശ്രമിച്ചു. പറ്റുന്നില്ല. കവിത മാറ്റി നോവല്‍ എഴുതിയാലോ എന്ന് ചിന്തിച്ചു. "നോവല്‍ എഴുതുക എന്നതൊക്കെ എളുപ്പമാണല്ലോ!" നോവലിന് പേരിടലും ആദ്യ 2 വരി എഴുതലും ഒക്കെ പെട്ടെന്ന് കഴിഞ്ഞു. പക്ഷേ, ബാക്കി ഒന്നും നടക്കുന്നില്ല. 'പാവാട'യിലെ പ്രിത്വിരാജ് നെടുമുടി വേണുവിനോട്‌ പറയുന്ന പോലെ, 'ഇപ്പോ മനസിലായില്ലേ എന്തോരം കഷ്ടപ്പെട്ടിട്ടാണ് ഞങ്ങള്‍ ഒക്കെ ഇത് എഴുതുന്നത്‌' എന്ന് ഇതുവരെ വായിച്ചിട്ടുള്ള എല്ലാ എഴുത്തുകാരും മുന്നില്‍ നിന്ന് പറയുന്ന പോലെ ഒരു തോന്നല്‍. പഴയ ശൈലി ആവര്‍ത്തിക്കുമോ എന്ന ഭയം, മെച്ചപ്പെട്ടത് ഒന്നും ഉണ്ടാവാതിരിക്കുമോ എന്ന ആകുലത ഒക്കെയായപ്പോള്‍ ഒരു കത്തുപോലും നിറഞ്ഞ മനസോടെ എഴുതാന്‍ പറ്റാതെ ആയി. പയ്യെ പയ്യെ മറ്റ് തിരക്കുകള്‍ കണ്ടെത്തി സൗകര്യപൂര്‍വ്വം ആ പ്രശ്നത്തെ ഞാന്‍ അങ്ങ് മറന്നു.

ഇടയ്ക്കിടെ തോന്നും എഴുതണം എന്ന്. ഈ തിരക്കൊക്കെ കഴിഞ്ഞ് എഴുതാം എന്ന മുടന്തന്‍ ന്യായം കൊണ്ട് ഞാനാ ആഗ്രഹത്തെ മുളയിലേ നുള്ളിക്കളയും. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ വെച്ച് അഖിലിനെ നേരിട്ട് കാണാന്‍ സാധിച്ചു. നേരിട്ട് എഴുത്തിനെക്കുറിച്ച് ഞാനൊന്നും ചോദിച്ചില്ല. എന്നാല്‍, പരിപാടിയില്‍ അഖില്‍ സ്വന്തം കഥ പറയുമ്പോഴൊക്കെ ഞാന്‍ എന്നെത്തന്നെ ഒന്ന് പരിശോധിക്കുകയായിരുന്നു. എന്‍റെ ആഗ്രഹങ്ങളൊക്കെ പലപ്പോഴും വളരെ പെട്ടെന്ന് ഉണ്ടായി പെട്ടെന്ന് ഉപേക്ഷിക്കപ്പെടുന്നവ ആയിരുന്നു. ഇപ്പോഴും അതേ. ഇന്ന് കൗതുകം തോന്നുന്ന കാര്യം 2 ദിവസം കഴിഞ്ഞാല്‍ ഉപേക്ഷിച്ച് പുതിയതെന്തെങ്കിലും കണ്ടുപിടിക്കുക ഒരു ശീലമായി മാറിയിട്ടുണ്ട്. അഖില്‍ സംസാരം അവസാനിപ്പിച്ചപ്പോള്‍ ഞാന്‍ എന്നോട് തന്നെ ഒരു ആത്മസംഘര്‍ഷത്തില്‍ ആയിരുന്നു. എഴുതണം, എഴുതണം എന്ന് ആഗ്രഹിച്ചു നടക്കാതെ, വീണ്ടും എഴുതിത്തുടങ്ങിക്കൂടേ എന്ന് ഞാന്‍ സ്വയം ചോദിക്കുകയായിരുന്നു.

ചില ആളുകള്‍ അവരുടെ വാക്കുകള്‍ കൊണ്ട് നമ്മെ അമ്പരപ്പിക്കും. ചില ആളുകള്‍ പെരുമാറ്റം കൊണ്ടും. എന്നാല്‍, ചില ആളുകളുടെ സാമീപ്യം മാത്രം മതി ചില തിരിച്ചറിവുകള്‍ ഉണ്ടാകാന്‍. അഖിലിനെ കണ്ടുമുട്ടിയത്‌ അത്തരത്തില്‍ ഒരു അനുഭവമായിരുന്നു.

പഴയ നോട്ട് മാറാന്‍ അടുത്തുള്ള ബാങ്കില്‍ ചെന്നപ്പോള്‍ അവിടെ ചുമരില്‍ ഒട്ടിച്ചിരിക്കുന്ന ഒരു വാക്യം ഇങ്ങനെയായിരുന്നു. "A good plan today is better than a perfect plan tomorrow." മികച്ചതിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു. ഇന്ന് എഴുതാനുള്ളത് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വയ്ക്കുന്ന എന്‍റെ പ്രിയപ്പെട്ട മടിയും.