Friday, 4 December 2015

ഗാംഗുലിക്ക് വേണ്ടിയൊരു ത്യാഗം


സ്കൂളില്‍ പഠിക്കുന്ന സമയത്താവും ഏറ്റവും ആവേശത്തോടെ ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ടിട്ടുണ്ടാവുക. അന്നൊക്കെ ഇന്ത്യയുടെ കളി ലൈവ് കാണുകയെന്നത് ഒരു തരം ഭ്രാന്ത് തന്നെയായിരുന്നു. അന്നും ഇന്നും സച്ചിന്‍ തന്നെയാണ് നമ്മുടെ കാണപ്പെട്ട ദൈവം. പക്ഷേ അത് എനിക്കോ എന്‍റെ പ്രായക്കാര്‍ക്കോ മാത്രം തോന്നിയിരുന്ന ഒരു വികാരമല്ലെന്ന് പിന്നീട് മനസിലായി.

ഫേസ്ബുക്കില്‍ സ്പോര്‍ട്സ് ഗ്രൂപ്പുകള്‍ ഒക്കെ ഉണ്ടായതിന് ശേഷം ഒരു ഫാഷന് വേണ്ടി സച്ചിനെ കുറ്റം പറയുന്നവരെ കണ്ടിട്ടുണ്ടെങ്കിലും അതിനൊക്കെ മുന്നേ സച്ചിന്‍ ഔട്ട്‌ ആകണം എന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു രാജ്യദ്രോഹി എന്‍റെ വീട്ടില്‍ ഉണ്ടായിരുന്നു. എന്‍റെ ഏറ്റവും ഇളയ അനിയന്‍ തന്നെയാണ് കക്ഷി. അവന്‍ സേവാഗിന്‍റെ ആളാണ്‌. സേവാഗ് പുറത്തായാല്‍ പിന്നെ അവനൊരു വിഷമമാണ്. 

അച്ചാച്ചനും അമ്മയും ഒക്കെ അപൂര്‍വമായി മാത്രമേ ഞങ്ങളുടെ ഒപ്പം ഇരുന്ന് കളികണ്ടിട്ടുള്ളുവെങ്കിലും ഇന്ത്യയുടെ കളി നടക്കുമ്പോള്‍ സച്ചിന്‍ നില്‍പ്പുണ്ടോ എന്നൊരു അന്വേഷണം ഇടയ്ക്കിടെ നടത്താറുണ്ട്‌. അത് സച്ചിന് മാത്രം കിട്ടുന്ന ഒരു സ്വീകാര്യത ആയിരുന്നു. പറഞ്ഞു വന്നത് അനിയന്‍റെ കാര്യമാണ്. "സേവാഗ് പോയാലെന്താ, സച്ചിന്‍ നില്‍പ്പുണ്ടല്ലോ" എന്ന ഞങ്ങളുടെ സ്ഥിരം ഡയലോഗ് കേള്‍ക്കുമ്പോള്‍ മുതല്‍ അവന്‍ സച്ചിന്‍ ഔട്ട്‌ ആവാന്‍ പ്രാര്‍ഥിക്കും. വേറെ ആരെങ്കിലും അടിച്ച് ഇന്ത്യയെ ജയിപ്പിച്ചോട്ടെ, അങ്ങനിപ്പോ സച്ചിന്‍ ജയിപ്പിക്കേണ്ട എന്നൊരു ലൈന്‍. അതിന് അമ്മ അവനെ വഴക്ക് പറഞ്ഞിട്ടുപോലുമുണ്ട്! വീണ്ടും സച്ചിന്‍ പ്രഭാവം!

സച്ചിനെ ഇഷ്ടമാണെങ്കിലും കളി കണ്ട് അതിനൊപ്പമോ അതിലേറെയോ ഇഷ്ടം തോന്നിയിട്ടുള്ള ആളാണ്‌ സൗരവ് ഗാംഗുലി. ഷാര്‍ജയില്‍ സച്ചിനും ഗാംഗുലിയും ചേര്‍ന്ന് ഉണ്ടാക്കിയ കൂട്ടുകെട്ട് അന്നൊരു റിക്കാര്‍ഡ് ആയിരുന്നു. ആ പ്രത്യേകതയുള്ള ഗാര്‍ഡിങ്ങും മൈതാനം കടന്ന് മേല്‍ക്കൂരയില്‍ പതിക്കുന്ന സിക്സറുകളും ഒക്കെ എന്നെ കടുത്ത സൗരവ് ആരാധകനാക്കി. അങ്ങനെയാണ് ഞാന്‍ ആ കടുംകൈ ചെയ്തത്!

വീടിന് പുറത്തേയ്ക്ക് എന്‍റെ ക്രിക്കറ്റ് പരീക്ഷണങ്ങള്‍ പോയിട്ടില്ല. അടുത്തുള്ള കുറച്ച് ചേട്ടന്മാരും കൂട്ടുകാരും ഒക്കെയായി പരമാവധി ആറോ ഏഴോ പേരാവും ഞങ്ങളുടെ മൊത്തം അംഗസംഖ്യ. എന്തായാലും മടല്‍ ബാറ്റും ഒട്ടുപാല്‍ ബോളും ചിലപ്പോഴൊക്കെ സ്റ്റമ്പറും ഒക്കെയായി ക്രിക്കറ്റ് കളി അങ്ങനെ മുന്നോട്ടുപോകുമ്പോഴാണ് വലംകൈയ്യനായ ഞാന്‍ സൗരവ് ഗാംഗുലിയുടെ കളി കണ്ട് ഇടം കൈ ബാറ്റിംഗ് തുടങ്ങുന്നത്. ആദ്യമൊക്കെ പരാജയപ്പെട്ടെങ്കിലും പിന്നെ അതൊരു സ്ഥിരം ശീലമായി.

ഇടം കൈ ബാറ്റിംഗ് ഒപ്പം കൂടി വളര്‍ന്നുതുടങ്ങിയപ്പോള്‍ മനസ്സില്‍ ഗാംഗുലിയും വളര്‍ന്നു. അങ്ങനെ ദാദയ്ക്ക് വേണ്ടി ഞാന്‍ ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍ ആയി.

ക്രിക്കറ്റ് കളിയൊക്കെ ക്രമേണ നിന്നു. ഇപ്പോ ഇടം കൈ ബാറ്റിംഗ് ഒക്കെ പരിതാപകരമായി തീര്‍ന്നിട്ടുണ്ടാവും. എങ്കിലും മനസ്സില്‍ ഇപ്പോഴും അന്നത്തെ ആ ദാദയുടെ വീറും വാശിയും അതേപോലെ കിടപ്പുണ്ട്. ഒപ്പം ഇന്ത്യ ജയിച്ചപ്പോള്‍ ജേഴ്സി ഊരി ഡ്രസ്സിംഗ് റൂമില്‍ ആവേശത്തിമിര്‍പ്പില്‍ മുഴുകിയ ആ രൂപവും!

No comments:

Post a Comment