Monday 23 November 2015

മട്ടുപ്പാവിലെ തണുപ്പില്‍ ആകാശവും മേഘങ്ങളും എന്നോട് പറയുന്നത്

വളരെക്കാലങ്ങള്‍ക്ക് ശേഷം ഇന്നലെ രാത്രിയാണ് മതിവരുവോളം ആകാശം കണ്ടത്. ഇതിനുമുന്‍പ് ഇങ്ങനെ, ഒരു വാന്‍ഗോഗ് ചിത്രം പോലെ, ആകാശം കണ്ണെടുക്കാതെ കണ്ടിട്ടുള്ളത് ഒന്നൊന്നര വര്‍ഷം മുന്‍പാണ്. അന്ന് ബാംഗ്ലൂരിലെ രണ്ടാം നിലയിലെ ഒറ്റമുറികൂട്ടില്‍ നിന്നും സന്ധ്യ മയങ്ങേണ്ട താമസം മുകളില്‍ ടെറസിലേയ്ക്ക് പോകുന്നത് ഒരു പതിവായിരുന്നു. ഒരു കപ്പ് ചൂട് കാപ്പിയുമായി അങ്ങനെ നേരമിരുളുന്നത് നോക്കി നില്‍ക്കും. 

പിന്നെ രാത്രി ഏറെ വൈകി ഒരു പോക്കുണ്ട്, നന്നേ തണുപ്പ് പിടിച്ചു കഴിയുമ്പോള്‍. ടെറസിലെ പൊടിയെ വകവെയ്ക്കാതെ മലര്‍ന്നങ്ങനെ കിടക്കും. മേഘങ്ങള്‍ ഇങ്ങനെ ഓടിമറയുന്നത് നോക്കിക്കിടക്കുമ്പോള്‍ തോന്നും അവ അനങ്ങാതെ നില്‍ക്കുകയും ഞാനിങ്ങനെ ഒഴുകി നടക്കുകയുമാണെന്ന്. ആ കിടപ്പില്‍ ചിലപ്പോള്‍ ഉറക്കത്തില്‍ വീണുപോവുകയും ചെയ്യും. പിന്നെ തണുപ്പ് അസ്ഥിക്ക് പിടിക്കുമ്പോഴാണ് എണീക്കുക. വെളുപ്പിനെ രണ്ടു മണിക്കും മൂന്ന്‍ മണിക്കുമൊക്കെ. 

അവിടം വിട്ടുപോരുമ്പോള്‍ ഏറെ നഷ്ടബോധം തോന്നിയതും ആ മട്ടുപ്പാവ് ജീവിതത്തെക്കുറിച്ച് തന്നെയാണ്. (മട്ടുപ്പാവ് എന്ന വാക്ക് ടെറസിന് പകരമായി ഉപയോഗിക്കാന്‍ ഇപ്പോഴും ഒരു ചെറിയ ബുദ്ധിമുട്ടുണ്ട്. കൊട്ടരത്തിനല്ലേ മട്ടുപ്പാവ് ഉണ്ടാകൂ, സാധാരണക്കാരന് ആ പ്രയോഗം തന്നെ ഒരു ആഡംബരം അല്ലേ എന്നതാണ് സംശയം. എങ്കിലും കിട്ടിയ ഭാഗ്യങ്ങളെക്കുറിച്ച് മനസുനിറയെ സന്തോഷവും വഴുതിപ്പോയവയെപ്പറ്റി അതിലേറെ സന്തോഷവും ഉള്ളവന് അല്‍പ്പം ആഡംബരവും ആര്‍ഭാടവും ഒക്കെ ആകാം എന്ന ന്യായത്തില്‍ അതങ്ങനെ തന്നെ ഇരിക്കട്ടെ!)

എന്‍റെ ജീവിതം മുഴുവന്‍ ചുറ്റിത്തിരിഞ്ഞിരുന്നത് ആ മട്ടുപ്പാവിനെ കേന്ദ്രീകരിച്ചായിരുന്നു. അപൂര്‍വമായി ആണെങ്കിലും എത്തുന്ന സന്ദര്‍ശകരെ അഹങ്കാരത്തോടെ കൂട്ടിക്കൊണ്ടുപോകുവാനും ഒട്ടേറെ ഫോണ്‍വിളികള്‍ക്ക് നിശബ്ദസാന്നിധ്യമാകുവാനും ഒറ്റയ്ക്കിരിക്കണമെന്ന് തോന്നിയപ്പോഴൊക്കെ ശല്യമുണ്ടാക്കാതെ സമ്മതിച്ചുതരാനുമെല്ലാം അങ്ങനെ എനിക്കൊരു മട്ടുപ്പാവ് സ്വന്തമായി ഉണ്ടായിരുന്നു. 

കേരളത്തിന്‍റെ കൊച്ചു തലസ്ഥാനനഗരിയോട് ചേര്‍ന്ന് താമസം തുടങ്ങിയിട്ട് മൂന്ന് മാസങ്ങള്‍ കഴിഞ്ഞ് അപ്രതീക്ഷിതമായി വീണ്ടുമൊരു മട്ടുപ്പാവ് കൂടി എനിക്ക് സ്വന്തമാവുകയാണ്. അവിടെ നിന്ന് എനിക്കിനിയും മതിവരുവോളം ആകാശം കാണണം. മേഘങ്ങള്‍ പറയുന്ന കഥകള്‍ കേള്‍ക്കണം. അവ പകര്‍ത്തിയെഴുതണം. 

N.B.: ഒരേ വാക്യം തന്നെ മുറിച്ചെഴുതാന്‍ തോന്നുമ്പോള്‍ അതിനെ കവിതയെന്നും ഒന്നിച്ചെഴുതുമ്പോള്‍ കഥയെന്നും വിളിക്കും ഞാന്‍. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അനുവാദം ഉണ്ടായിരിക്കുന്നതല്ല. 

No comments:

Post a Comment