Wednesday, 16 December 2015

പ്രകാശം പരത്തിയ അമ്മ


ചില ആളുകള്‍ അങ്ങനെയാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതിനിടയില്‍ സ്വന്തം കാര്യം പോലും മറക്കുന്നവര്‍. അവസാനശ്വാസം വരെ, സ്വന്തം വിഷമതകള്‍ മാറ്റിവെച്ച് കഷ്ടപ്പാട് അനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക് വേണ്ടി സമയവും ഊര്‍ജവും കണ്ടെത്തുന്നവര്‍. ചുരുക്കമെങ്കിലും ഇങ്ങനെയുള്ള ആളുകള്‍ നമ്മുടെ ഇടയില്‍ ജീവിച്ചതുകൊണ്ടാണ് അവര്‍ ബാക്കിവച്ചുപോയ പ്രകാശത്തില്‍ നമ്മളിന്നും നേര്‍വഴിക്ക് നടക്കുന്നത്. അവര്‍ കടന്നുപോയിക്കഴിയുമ്പോഴാണ് അവര്‍ അവശേഷിപ്പിച്ചുപോയ വിടവ് എത്ര വലുതാണെന്ന് നമ്മള്‍ മനസിലാക്കുന്നത്‌.

ഞാന്‍ ജനിച്ചുവളര്‍ന്ന കുറുമ്പനാടത്ത് ചുറ്റും വേദനയനുഭവിച്ചുകൊണ്ടിരുന്ന നിരാലംബര്‍ക്ക് ആശ്രയമായി, കണ്ടുമുട്ടുന്നവര്‍ക്ക് ഒരു പുഞ്ചിരിയിലൂടെ  പകരുന്ന ചൈതന്യമായി, എല്ലാവര്‍ക്കും അമ്മയായി ഒരു കന്യാസ്ത്രീ ജീവിച്ചിരുന്നു. കുറുമ്പനാടത്തിന്‍റെ, ഞങ്ങളുടെ  സ്വന്തം നെസ്റ്റോറമ്മ എന്ന സിസ്റ്റര്‍ നെസ്റ്റോര്‍. ഏതാനും വര്‍ഷങ്ങള്‍ മാത്രമേ അമ്മയെ എനിക്ക് പരിചയമുള്ളൂ. ചെറുപ്പത്തില്‍ ഏറെ കണ്ടിട്ടുണ്ടാവുമെങ്കിലും നെസ്റ്റോറമ്മയെക്കുറിച്ചുള്ള എന്‍റെ ആദ്യ ഓര്‍മ്മ നാലാം ക്ലാസില്‍ വെച്ച് ആദ്യ കുര്‍ബാനസ്വീകരണം കഴിഞ്ഞ് അതേ വേഷത്തില്‍ അച്ചാച്ചനോടും അമ്മയോടുമൊപ്പം കാണാന്‍ ചെല്ലുമ്പോള്‍ അള്‍ത്താരബാലന്‍ ആകാനുള്ള പരിശീലനത്തിനായി നെസ്റ്റോറമ്മ എന്നെ വിളിക്കുന്നതാണ്.


അച്ചാച്ചന്‍റെ ചെറുപ്പം മുതല്‍ത്തന്നെ നെസ്റ്റോറമ്മയെ അറിയാം. ആദ്യം അധ്യാപികയായും പിന്നെ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം സഹപ്രവര്‍ത്തകയായും. നെസ്റ്റോറമ്മയുടെ മുന്നിലും എന്തിന് വീട്ടില്‍ വെച്ച് സംസാരിക്കുമ്പോള്‍ പോലും അച്ചാച്ചന്‍ പ്രകടിപ്പിക്കുന്ന ബഹുമാനവും ആദരവും കൊണ്ടാവാം അല്‍പ്പമൊക്കെ പേടിച്ചുതന്നെയാണ് നെസ്റ്റോറമ്മയുടെ അടുത്ത് ആദ്യമൊക്കെ ചെല്ലുക. 

പിന്നെ ആ പേടി ആദരവും ഇഷ്ടവുമായി മാറി. അള്‍ത്താരബാലന്‍ ആകുവാനുള്ള പരിശീലനത്തിനിടയില്‍ വായിക്കുന്ന ഭാഗങ്ങളില്‍ തെറ്റ് വരുത്തിയാല്‍ ചെവിക്ക് പതിയെ ഒരു കിഴുക്ക്‌ കിട്ടും. എന്നാല്‍, വീണ്ടും തെറ്റിക്കാന്‍ ഇടവരാതെ നോക്കുമെങ്കിലും ആ കിഴുക്ക്‌ കിട്ടുന്നത് ഇത്തിരി സന്തോഷമുള്ള കാര്യമായിരുന്നു. കാരണം കിഴുക്ക്‌ കിട്ടിയാല്‍ പോകാന്‍ നേരം ഒരു മിട്ടായിയും കിട്ടും എന്നത് തന്നെ. കണിശക്കാരിയായിരുന്നു നെസ്റ്റോറമ്മ. തെറ്റ് ചെയ്യുന്നത് ആരായാലും അവരെ ശാസിക്കാന്‍ മടി കാണിക്കാത്ത പ്രകൃതം. പക്ഷേ, നെസ്റ്റോറമ്മ വഴക്ക് പറഞ്ഞെന്ന പേരില്‍ ആരും അമ്മയുമായി അകല്‍ച്ച ഉണ്ടാക്കിയിട്ടില്ല. ശരിയായ കാര്യത്തിനുവേണ്ടിയേ അമ്മ  ശബ്ദമുയര്‍ത്തൂ എന്ന് എല്ലാവര്‍ക്കും അറിയാം. തെറ്റ് കാണിച്ചു വഴക്ക് പറഞ്ഞവനെപ്പോലും തൊട്ടടുത്ത നിമിഷം സ്നേഹം കൊണ്ട് കയ്യിലെടുക്കുവാനും അമ്മയ്ക്ക് കഴിഞ്ഞിരുന്നു.  അതായിരുന്നു നെസ്റ്റോറമ്മയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ നന്മ. എല്ലാവരുടെയും മനസിലെ നന്മ കാണുവാനുള്ള ആ വലിയ കഴിവ് അമ്മയ്ക്കുണ്ടായിരുന്നു.

ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്താണ് നെസ്റ്റോറമ്മ മരിക്കുന്നത്. അന്ന് അന്ത്യശുശ്രൂഷയ്ക്കായി കുറുമ്പനാടത്തും സമീപപ്രദേശങ്ങളിലുമുള്ള ആളുകളെക്കൊണ്ട് പള്ളിയും പരിസരവും നിറഞ്ഞുകവിഞ്ഞത് ഇന്നും ഓര്‍മയുണ്ട്. നെസ്റ്റോറമ്മയെ ഞാന്‍ നേരിട്ട് അറിഞ്ഞതിലും അധികം മറ്റുള്ളവരുടെ വാക്കുകളിലൂടെയാണ് മനസിലാക്കിയിട്ടുള്ളത്. ഒരു കന്യാസ്ത്രീക്ക് അവള്‍ ആയിരിക്കുന്ന സ്ഥലത്ത് എങ്ങനെ ഒരു പ്രകാശദീപം ആകുവാന്‍ സാധിക്കും എന്നതിന്‍റെ ഉത്തമഉദാഹരണമായിരുന്നു നെസ്റ്റോറമ്മ. നേരിട്ട് ഒരുപാട് സമയം അടുത്ത് ആയിരുന്നിട്ടുണ്ടെങ്കിലും ഒരു പരിധിക്കപ്പുറം അമ്മയുടെ വ്യക്തിത്വത്തെ മനസിലാക്കുവാനുള്ള കഴിവ് അന്ന് ഇല്ലായിരുന്നല്ലോ.  സംസ്കാരശുശ്രൂഷയില്‍ പങ്കെടുത്ത പ്രായമായ ആളുകള്‍ പോലും കരയുന്നത് കണ്ടപ്പോള്‍ അന്ന് അത് മനസിലാക്കാനുള്ള കഴിവുണ്ടായിരുന്നില്ല. 

അടക്ക് കഴിഞ്ഞ് പള്ളിമൈതാനത്ത് അനുസ്മരണ സമ്മേളനം നടന്നപ്പോള്‍ അള്‍ത്താരബാലസഖ്യത്തിന്‍റെ പ്രതിനിധിയായി സംസാരിക്കുക എന്ന ചുമതല എനിക്കുമുണ്ടായിരുന്നു. എഴുതിതയാറാക്കിയ പ്രസംഗം കാണാതെ പഠിച്ച് പറയാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ വേദിയില്‍ അച്ചാച്ചന്‍ സംസാരിക്കുകയായിരുന്നു. അത്രയും ആളുകളുടെ മുന്നില്‍ കരച്ചിലടക്കിയും ഇടയ്ക്കൊക്കെ കരഞ്ഞും അച്ചാച്ചന്‍ സംസാരിക്കുന്നത് കേട്ടിട്ട് ഞാനും സങ്കടപ്പെട്ടിട്ടുണ്ട്‌. ഏറെ നാളത്തെ ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണം എന്നോണം കഴിഞ്ഞ വര്‍ഷം വീട്ടില്‍ കാരണവന്മാരുടെ ഫോട്ടോ വച്ചിരിക്കുന്നതിനോപ്പം നെസ്റ്റോറമ്മയുടെ ഫോട്ടോ കൂടി അച്ചാച്ചന്‍ വച്ചപ്പോള്‍ അച്ചാച്ചനോട് എന്തെന്നില്ലാത്ത ഒരു ഇഷ്ടം തോന്നി. ഇന്നിപ്പോ ആരെങ്കിലും വീട്ടില്‍ വന്ന് ആ ഫോട്ടോ കണ്ട് "ഈ സിസ്റ്റര്‍ നിങ്ങളുടെ ആരാ?" എന്ന് ചോദിക്കുമ്പോള്‍ അഭിമാനത്തോടെ തന്നെ ഞാന്‍ പറയും "എന്‍റെ അച്ചാച്ചനെ പഠിപ്പിച്ച ടീച്ചറാണ്. നെസ്റ്റോറമ്മ." എന്ന്. 

നെസ്റ്റോറമ്മയെപ്പറ്റി പറഞ്ഞു തന്നിട്ടുള്ള പല അനുഭവങ്ങളില്‍ എന്നെ ഏറെ സ്പര്‍ശിച്ച ഒന്നുണ്ട്. അധ്യാപകന്‍ ആയി ജോലി തുടങ്ങിയ സമയത്ത് നെസ്റ്റോറമ്മ അച്ചാച്ചനോട് പറഞ്ഞതിങ്ങനെ: "കുട്ടികളെ ഒരുകാരണവശാലും തല്ലരുത്. അവരെ ശിക്ഷിക്കാന്‍ നമ്മുക്ക് ഒരു അധികാരമോ അര്‍ഹതയോ ഇല്ല. കാരണം, അവര്‍ എങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്നാണ് സ്കൂളില്‍ എത്തുന്നത് എന്ന് നമ്മുക്ക് അറിയില്ലല്ലോ!" (ആശയം ഇതാണ്. ഓര്‍മയില്‍ നിന്ന് എഴുതിയതായത് കൊണ്ട് മാറ്റം വന്നിട്ടുണ്ടാവാം.) എല്ലാവരെയും മനസിലാക്കുവാന്‍ ശ്രമിക്കുന്ന ആ വലിയ മനസ് കൊണ്ടാണ് കുറുമ്പനാടത്തുകാരുടെ ഉള്ളില്‍ ഒരു മാലാഖയെപ്പോലെ നെസ്റ്റോറമ്മ  ഇന്നും ജീവിക്കുന്നത്. 

Friday, 4 December 2015

ഗാംഗുലിക്ക് വേണ്ടിയൊരു ത്യാഗം


സ്കൂളില്‍ പഠിക്കുന്ന സമയത്താവും ഏറ്റവും ആവേശത്തോടെ ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ടിട്ടുണ്ടാവുക. അന്നൊക്കെ ഇന്ത്യയുടെ കളി ലൈവ് കാണുകയെന്നത് ഒരു തരം ഭ്രാന്ത് തന്നെയായിരുന്നു. അന്നും ഇന്നും സച്ചിന്‍ തന്നെയാണ് നമ്മുടെ കാണപ്പെട്ട ദൈവം. പക്ഷേ അത് എനിക്കോ എന്‍റെ പ്രായക്കാര്‍ക്കോ മാത്രം തോന്നിയിരുന്ന ഒരു വികാരമല്ലെന്ന് പിന്നീട് മനസിലായി.

ഫേസ്ബുക്കില്‍ സ്പോര്‍ട്സ് ഗ്രൂപ്പുകള്‍ ഒക്കെ ഉണ്ടായതിന് ശേഷം ഒരു ഫാഷന് വേണ്ടി സച്ചിനെ കുറ്റം പറയുന്നവരെ കണ്ടിട്ടുണ്ടെങ്കിലും അതിനൊക്കെ മുന്നേ സച്ചിന്‍ ഔട്ട്‌ ആകണം എന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു രാജ്യദ്രോഹി എന്‍റെ വീട്ടില്‍ ഉണ്ടായിരുന്നു. എന്‍റെ ഏറ്റവും ഇളയ അനിയന്‍ തന്നെയാണ് കക്ഷി. അവന്‍ സേവാഗിന്‍റെ ആളാണ്‌. സേവാഗ് പുറത്തായാല്‍ പിന്നെ അവനൊരു വിഷമമാണ്. 

അച്ചാച്ചനും അമ്മയും ഒക്കെ അപൂര്‍വമായി മാത്രമേ ഞങ്ങളുടെ ഒപ്പം ഇരുന്ന് കളികണ്ടിട്ടുള്ളുവെങ്കിലും ഇന്ത്യയുടെ കളി നടക്കുമ്പോള്‍ സച്ചിന്‍ നില്‍പ്പുണ്ടോ എന്നൊരു അന്വേഷണം ഇടയ്ക്കിടെ നടത്താറുണ്ട്‌. അത് സച്ചിന് മാത്രം കിട്ടുന്ന ഒരു സ്വീകാര്യത ആയിരുന്നു. പറഞ്ഞു വന്നത് അനിയന്‍റെ കാര്യമാണ്. "സേവാഗ് പോയാലെന്താ, സച്ചിന്‍ നില്‍പ്പുണ്ടല്ലോ" എന്ന ഞങ്ങളുടെ സ്ഥിരം ഡയലോഗ് കേള്‍ക്കുമ്പോള്‍ മുതല്‍ അവന്‍ സച്ചിന്‍ ഔട്ട്‌ ആവാന്‍ പ്രാര്‍ഥിക്കും. വേറെ ആരെങ്കിലും അടിച്ച് ഇന്ത്യയെ ജയിപ്പിച്ചോട്ടെ, അങ്ങനിപ്പോ സച്ചിന്‍ ജയിപ്പിക്കേണ്ട എന്നൊരു ലൈന്‍. അതിന് അമ്മ അവനെ വഴക്ക് പറഞ്ഞിട്ടുപോലുമുണ്ട്! വീണ്ടും സച്ചിന്‍ പ്രഭാവം!

സച്ചിനെ ഇഷ്ടമാണെങ്കിലും കളി കണ്ട് അതിനൊപ്പമോ അതിലേറെയോ ഇഷ്ടം തോന്നിയിട്ടുള്ള ആളാണ്‌ സൗരവ് ഗാംഗുലി. ഷാര്‍ജയില്‍ സച്ചിനും ഗാംഗുലിയും ചേര്‍ന്ന് ഉണ്ടാക്കിയ കൂട്ടുകെട്ട് അന്നൊരു റിക്കാര്‍ഡ് ആയിരുന്നു. ആ പ്രത്യേകതയുള്ള ഗാര്‍ഡിങ്ങും മൈതാനം കടന്ന് മേല്‍ക്കൂരയില്‍ പതിക്കുന്ന സിക്സറുകളും ഒക്കെ എന്നെ കടുത്ത സൗരവ് ആരാധകനാക്കി. അങ്ങനെയാണ് ഞാന്‍ ആ കടുംകൈ ചെയ്തത്!

വീടിന് പുറത്തേയ്ക്ക് എന്‍റെ ക്രിക്കറ്റ് പരീക്ഷണങ്ങള്‍ പോയിട്ടില്ല. അടുത്തുള്ള കുറച്ച് ചേട്ടന്മാരും കൂട്ടുകാരും ഒക്കെയായി പരമാവധി ആറോ ഏഴോ പേരാവും ഞങ്ങളുടെ മൊത്തം അംഗസംഖ്യ. എന്തായാലും മടല്‍ ബാറ്റും ഒട്ടുപാല്‍ ബോളും ചിലപ്പോഴൊക്കെ സ്റ്റമ്പറും ഒക്കെയായി ക്രിക്കറ്റ് കളി അങ്ങനെ മുന്നോട്ടുപോകുമ്പോഴാണ് വലംകൈയ്യനായ ഞാന്‍ സൗരവ് ഗാംഗുലിയുടെ കളി കണ്ട് ഇടം കൈ ബാറ്റിംഗ് തുടങ്ങുന്നത്. ആദ്യമൊക്കെ പരാജയപ്പെട്ടെങ്കിലും പിന്നെ അതൊരു സ്ഥിരം ശീലമായി.

ഇടം കൈ ബാറ്റിംഗ് ഒപ്പം കൂടി വളര്‍ന്നുതുടങ്ങിയപ്പോള്‍ മനസ്സില്‍ ഗാംഗുലിയും വളര്‍ന്നു. അങ്ങനെ ദാദയ്ക്ക് വേണ്ടി ഞാന്‍ ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍ ആയി.

ക്രിക്കറ്റ് കളിയൊക്കെ ക്രമേണ നിന്നു. ഇപ്പോ ഇടം കൈ ബാറ്റിംഗ് ഒക്കെ പരിതാപകരമായി തീര്‍ന്നിട്ടുണ്ടാവും. എങ്കിലും മനസ്സില്‍ ഇപ്പോഴും അന്നത്തെ ആ ദാദയുടെ വീറും വാശിയും അതേപോലെ കിടപ്പുണ്ട്. ഒപ്പം ഇന്ത്യ ജയിച്ചപ്പോള്‍ ജേഴ്സി ഊരി ഡ്രസ്സിംഗ് റൂമില്‍ ആവേശത്തിമിര്‍പ്പില്‍ മുഴുകിയ ആ രൂപവും!

Tuesday, 1 December 2015

ചില 'കോപ്പിയടി'ക്കഥകള്‍കോപ്പിയടി ഒരു കലയാണെന്ന് ചില സമയങ്ങളില്‍ തോന്നാറുണ്ട്. താരതമ്യേന പരിചയക്കുറവുള്ള വിഷയമായത് കൊണ്ടാവും കോപ്പിയടിയില്‍ പി.എച്ച്.ഡി. വരെ എടുത്ത ചില എക്സ്ട്രാ ബ്രില്ല്യന്‍റ് സഹപാഠികളെ കാണുമ്പോള്‍ അറിയാതെ ഒരു ബഹുമാനം തോന്നും മനസ്സില്‍.

കോപ്പിയടിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് വാദിക്കുകയല്ല ഏതായാലും എന്‍റെ ലക്ഷ്യം. ചില കോപ്പിയടി അനുഭവങ്ങള്‍ പങ്കുവെയ്ക്കുക മാത്രമാണ്.

ഇനിയിപ്പോ ഞാന്‍ കോപ്പിയടിച്ച കഥകള്‍ ഓരോന്നായി പറയാനാണോ പരിപാടി എന്ന സംശയവും വേണ്ട. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം എനിക്ക് ഈ മേഖലയില്‍ അധികം അറിവ് നേടാനോ പ്രയോഗിക്കാനോ കഴിഞ്ഞിട്ടില്ല. എങ്കിലും ഒരുപാട് കോപ്പിയടികള്‍ കാണുവാനും കോപ്പിയടിയുടെ പേരില്‍ ഒരുപാട് പേരുടെ ഇഷ്ടക്കേട് സമ്പാദിക്കാനും ചെറുപ്പം മുതലേ കഴിഞ്ഞിട്ടുണ്ട്.

അച്ചാച്ചനും അമ്മയും ടീച്ചര്‍മാര്‍ ആയതുകൊണ്ടും അവര്‍ പഠിപ്പിക്കുന്ന അതേ സ്കൂളില്‍ത്തന്നെ പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് കൊണ്ടും കോപ്പിയടി ശരിയാണോ തെറ്റാണോ എന്നൊക്കെ ആലോചിക്കാനുള്ള വിവരം ഉണ്ടാവുന്നതിന് മുന്നേ തന്നെ കോപ്പി എന്ന് പറയുന്നിടത്ത് പോലും എന്‍റെ പേര് വരരുതേ എന്ന പേടി കാരണം നല്ലവനാവാന്‍ തീരുമാനിച്ചതാണ് ഈ സാക്ഷാല്‍ ശ്രീമാന്‍ ഞാന്‍.

സ്വയം കോപ്പിയടിക്കാന്‍ മാത്രമല്ല, ആരെങ്കിലും പരീക്ഷാഹാളില്‍ എന്തെങ്കിലും ചോദിച്ചാല്‍ പറഞ്ഞുകൊടുക്കാന്‍ പോലും പേടിയുള്ള കാലം. കാരണം, ടീച്ചര്‍ എങ്ങാനും കണ്ടുപിടിച്ചാല്‍ രണ്ടിന്‍റെയും അനന്തരഫലം ഒന്നുതന്നെയാണല്ലോ!അക്കാരണം കൊണ്ട് തന്നെ സാധാരണ ഗതിയില്‍  എന്നോട് ചോദിച്ചു സമയം കളയാന്‍ കൂട്ടുകാരാരും മിനക്കെടാറില്ല.

അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം. ഒന്നാം ടേം പരീക്ഷ നടക്കുകയാണ്. പരീക്ഷാസമയത്ത് ഒരു ഹാളില്‍ പല ക്ലാസുകളില്‍ നിന്നുള്ളവര്‍ ഉണ്ടാകും. പത്തിലെ ചേട്ടന്മാരെയൊക്കെ ആദ്യമായി കാണുന്നത് അവിടെയാണ്. ആദ്യത്തെ കുറച്ച് പരീക്ഷകള്‍ ഒക്കെ കഴിഞ്ഞ് സാമൂഹ്യശാസ്ത്രം പരീക്ഷയുടെ ദിവസം വന്നു. അന്ന് എല്ലാ ക്ലാസുകാര്‍ക്കും സാമൂഹ്യശാസ്ത്രമാണ് വിഷയം.

പരീക്ഷാഹാളില്‍ ടീച്ചര്‍ വരുന്നതിന് മുന്നേ പത്തിലെ ഒരു ചേട്ടന്‍ എല്ലാവര്‍ക്കും കാണാവുന്ന പോലെ ടീച്ചറുടെ മേശയുടെ പിറകിലെ ഭിത്തിയില്‍ ഇന്ത്യയുടെ ഒരു ഭൂപടം തൂക്കിയിട്ടു. എന്താണ് കാര്യമെന്ന് ഊഹിക്കാമല്ലോ. അന്ന് സാമൂഹ്യശാസ്ത്രം പരീക്ഷയില്‍ ഭൂപടം വരക്കാനുള്ള ചോദ്യം ഒരു ക്ലീഷേ ആയി മാറിയ സമയമാണ്.

എന്നിലെ 'പൗരബോധം' ഉണര്‍ന്നു. "ഇത് സമ്മതിച്ചുകൂടാ!!!" ഞാന്‍ മനസ്സില്‍ തീരുമാനിച്ചു. ടീച്ചര്‍ വന്ന് ചോദ്യപേപ്പര്‍ തന്നതും ഞാന്‍ എണീറ്റ്‌ നിന്ന് പറഞ്ഞു:

"ടീച്ചര്‍, ആ ഇന്ത്യയുടെ മാപ്പ് കഴിഞ്ഞ ദിവസം വരെ ഇവിടെ ഇല്ലായിരുന്നു. ഞങ്ങള്‍ക്ക് മാപ്പ് വരക്കാനുള്ള ചോദ്യവുമുണ്ട്......"

ആരോ മനപ്പൂര്‍വം അതവിടെ ഇട്ടതാണോ എന്നാണ് എന്‍റെ സംശയം എന്നുകൂടി സ്ക്രിപ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും പരീക്ഷാഹോളിലെ ബാക്കി എല്ലാവരും 'ഇവനൊക്കെ ഇതെവിടുന്ന് വരുന്നെടേ!!' എന്ന ഭാവത്തില്‍ എന്നെത്തന്നെ തുറിച്ചുനോക്കുന്നത് കണ്ടപ്പോള്‍ അത് തൊണ്ടയില്‍ തന്നെ കിടന്ന് ശാസം മുട്ടി മരിച്ചു.

എന്തായാലും ടീച്ചര്‍ അത് അപ്പോള്‍ത്തന്നെ അവിടെനിന്ന് എടുത്ത് മാറ്റിച്ചു. ആരുടേയും മുഖത്ത് നോക്കാനുള്ള ധൈര്യം പോലും ഇല്ലാതിരുന്നത് കൊണ്ട് തലകുമ്പിട്ട് ഇരുന്ന് ഞാനാ പരീക്ഷ എഴുതിതീര്‍ത്തു. അന്നത്തെ ഭൂപടം വരക്കാനുള്ള ചോദ്യം പകുതി തെറ്റിക്കുകയും ചെയ്തു. അല്ലെങ്കിലും എനിക്കത് സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. എത്ര പേരുടെ ശാപം കിട്ടിയിട്ടുണ്ടാവും!

സ്കൂളിന്‍റെ പിറകുവശത്ത് കൈകഴുകാന്‍ വേണ്ടിയുള്ള ടാപ്പുകള്‍ ഉള്ള ഒരു സ്ഥലമുണ്ട്. രണ്ട് കെട്ടിടങ്ങളുടെ ഇടയില്‍ ആയതുകൊണ്ട് ഇടുങ്ങിയതും വിജനവുമായ ഒരു സ്ഥലം. പരീക്ഷ ഒക്കെ കഴിഞ്ഞ് ഒരു ദിവസം എങ്ങനെയോ എനിക്ക് ആ വഴി പോകേണ്ടി വന്നു. നോക്കിയപ്പോള്‍ എതിരേ വരുന്നു ആ ചേട്ടന്‍! അന്ന് പരീക്ഷാഹാളില്‍ കഷ്ടപ്പെട്ട് ഭൂപടം തൂക്കിയ അതേ ചേട്ടന്‍!

എന്‍റെ ചങ്ക് പടപടാ ഇടിക്കാന്‍ തുടങ്ങി. തിരിഞ്ഞോടിയാലോ എന്നൊക്കെ തോന്നിയെങ്കിലും അതിനുള്ള ആവതുണ്ടായിരുന്നില്ല. ഞാന്‍ അങ്ങ് നടന്നു. അടുത്തെത്തിയപ്പോള്‍ പുള്ളി എന്‍റെ മുന്നില്‍ വന്ന് നിന്നു. ഞാനിങ്ങനെ കുത്തബ് മിനാര്‍ കാണുന്നപോലെ പുള്ളിയുടെ മുഖത്തേയ്ക്ക് തലയുയര്‍ത്തി നോക്കി. ഇപ്പോ അടി വീഴും, ഞാന്‍ കരുതി. പക്ഷേ, അടി വീണില്ല. "നിന്നെ ഒരിക്കല്‍ ഞാന്‍ എടുത്തോളാം" എന്നൊരു ഡയലോഗ് മാത്രം വന്നു ആ കനത്ത ശബ്ദത്തില്‍. തല്‍ക്കാലം രക്ഷപെട്ട ആവേശത്തില്‍ ഞാന്‍ ജീവനും കൊണ്ട് ഓടി.

അതില്‍ പിന്നെ വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല കോപ്പിയടി മൂലം. പക്ഷേ, അപ്പോഴും കോപ്പിയടിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് മാത്രം തീരുമാനിക്കാന്‍ എന്നെക്കൊണ്ട് കഴിഞ്ഞില്ല. 

കൂട്ടുകാര്‍ പിന്നെയും ഞാന്‍ നന്നായോ എന്ന് ടെസ്റ്റ്‌ ചെയ്യാന്‍ വര്‍ഷാവര്‍ഷം പരീക്ഷയ്ക്ക് മുന്‍പ് കൂട്ടുകാര്‍ പറയും. "നീ ഒന്നും പറഞ്ഞു തരണ്ട. ആ ആന്‍സര്‍ പേപ്പര്‍ ഒന്ന് നൈസായി വെച്ചാല്‍ മതി. ഞാന്‍ നോക്കി എഴുതിക്കോളാം." ഓരോ ക്ലാസും കൂടുന്നതിനൊപ്പം എന്‍റെ തീരുമാനങ്ങളില്‍ ചെറുതായി അയവ് വന്നുതുടങ്ങി. അങ്ങനെ ഒരുവിധത്തില്‍ പ്ലസ്‌ ടു കഴിഞ്ഞു കിട്ടി.

കോളേജില്‍ എത്തിയപ്പോള്‍ പിന്നെ കാണിച്ചുകൊടുത്തില്ലെങ്കില്‍ പരീക്ഷ കഴിയുമ്പോ പിന്നെ തെറി മാത്രമേ കേള്‍ക്കാന്‍ ഒക്കൂ. അങ്ങനെ ഞാന്‍ പല പുതിയ തെറികളും പഠിച്ചു! "നീയെന്താടാ കോപ്പേ ഇങ്ങനെ?" എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഒന്നും പറയാറില്ല. "കോപ്പിയടിക്കുന്നത് തെറ്റാണ്" എന്ന് പറയാന്‍ നിന്നാല്‍ തെറിയുടെ സൈസും നീളവും കൂടും!

പക്ഷേ, കോപ്പിയടിക്കുന്നതില്‍, ആരെയെങ്കിലും കോപ്പിയടിക്കാന്‍ സഹായിക്കുന്നതില്‍ ഒരു നിലപാട് ഉണ്ടായത് ഡിഗ്രി സമയത്ത് തന്നെയാണ്. ആ സമയത്ത് ഞാന്‍ പള്ളിയില്‍ വേദപാഠം പഠിപ്പിക്കുന്നുണ്ടായിരുന്നു. ഒന്നൊന്നരക്കൊല്ലം സൈഡ് ബെഞ്ചില്‍ ഇരുന്ന് ഏതെങ്കിലും ടീച്ചര്‍ വരാത്തപ്പോള്‍ പകരക്കാരനായി പോയി പണി പഠിച്ചപ്പോള്‍ സ്ഥാനക്കയറ്റം കിട്ടി. ഏഴാം ക്ലാസിലെ ക്ലാസ് ടീച്ചര്‍! ആ കുട്ടികളോട് എനിക്കിന്നും ബഹുമാനമാണ്. എന്നെ ഒരു കൊല്ലം സഹിച്ചല്ലോ!

അങ്ങനെ സ്ഥാനക്കയറ്റം കിട്ടയപ്പോള്‍ ഒരു പണി കൂടി കിട്ടി. പരീക്ഷാഹാളിലെ മേല്‍നോട്ടം. ഇതിത്ര പാട് പിടിച്ച പനിയാണെന്ന് അന്നാണ് ഞാന്‍ മനസിലാക്കുന്നത്‌. കോപ്പിയടിക്കാന്‍ സമ്മതിക്കുന്ന ടീച്ചര്‍മാരെയും ഇടയ്ക്കിടെ ഫോണ വിളിക്കാന്‍ വെളിയില്‍ പോകുന്ന സാറുമ്മാറെയും കുട്ടികള്‍ക്ക് മുടിഞ്ഞ ഇഷ്ടമാണ്. പക്ഷേ, മുകളില്‍ നിന്ന് കൃത്യമായ ഓര്‍ഡര്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാനായിട്ട് അങ്ങനെ ഇഷ്ടം പിടിച്ചുപറ്റാന്‍ ശ്രമിച്ചില്ല. എന്നാലും പിള്ളേര്‍ കോപ്പിയടിക്കും. അത് ഒരു സത്യം! പക്ഷേ, എന്‍റെ സ്റ്റാന്‍ഡ് ക്ലിയര്‍ ആയിരുന്നു. അങ്ങനെയും കിട്ടിയിട്ടുണ്ടാവും കുറേ പ്രാക്കുകള്‍.

ഏതായാലും അതിന് ശേഷം കോളേജില്‍ ആരെങ്കിലും 'നീയെന്താടാ കോപ്പേ ഇങ്ങനെ?' എന്ന് ചോദിക്കുമ്പോഴൊക്കെ ഞാന്‍ അഭിമാനപൂര്‍വ്വം പറയും. "ഞാന്‍ പഠിപ്പിക്കുന്ന സ്ഥലത്ത് ആരെയും കോപ്പിയടിക്കാന്‍ ഞാനായിട്ട് സഹായിക്കാറില്ല. അതുകൊണ്ട് എന്‍റെ മനസാക്ഷിയുടെ മുന്നില്‍ (ആഹാ!!) എനിക്ക് തെറ്റുകാരന്‍ ആവാന്‍ താല്‍പര്യമില്ല. ഞാന്‍ കോപ്പിയടിക്കാന്‍ സഹായിക്കില്ല!" 

പക്ഷേ, ആദ്യത്തെ മൗനം തന്നെയായിരുന്നു ഭേദം എന്ന് അന്നാണ് മനസിലായത്. ഞാന്‍ പുതിയ തെറികള്‍ വീണ്ടും പഠിച്ചുകൊണ്ടിരുന്നു!!!

Monday, 30 November 2015

ഹോട്ടലാണെന്ന് കരുതി സ്പായില്‍ കയറിയ ചെറുപ്പക്കാരന്‍!ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്‍റെ കഥ കേട്ടുകേട്ട് അതിലെ കോമഡി പുളിച്ചുതുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷമാദ്യം ഒരു ഹോട്ടല്‍ തപ്പിത്തപ്പി ഒടുവില്‍ ഒരു സ്പായുടെ വാതില്‍ തള്ളിത്തുറന്ന് കയറുന്നത് വരെ ആ കഥ എന്നെങ്കിലും സത്യമാവുമെന്ന് ഞാന്‍ കരുതിയതേയില്ല.

സംഭവം നടക്കുന്നത് ബാംഗ്ലൂരിലാണ്. 'പഠിപ്പ്‌' മതിയാക്കി തിരിച്ചുവരാന്‍ ഒരുങ്ങുന്ന സമയത്ത് ഞാനും എന്‍റെ സുഹൃത്തും കൂടി ഒരു ദിവസം വൈകുന്നേരം പുറത്ത് പോയി ഫുഡ്‌ അടിക്കാന്‍ തീരുമാനിക്കുന്നിടത്താണ് ഈ കഥ തുടങ്ങുന്നത്.

ബാംഗ്ലൂരിലെ ജെ.എന്‍.സി.എ.എസ്.ആര്‍. എന്ന കല്‍പിത സര്‍വകലാശാലയില്‍ ഞാന്‍ പഠിച്ചു എന്ന് രേഖകള്‍ പറയുന്ന പി.ജി.ഡിപ്ലോമ കോഴ്സിന്‍റെ അംഗസംഘ്യ വെറും രണ്ട്! ഞാനും കര്‍ണാടക-ഗോവ അതിര്‍ത്തിഗ്രാമമായ കാര്‍വാറില്‍ നിന്നുള്ള രശ്മി എന്ന പെണ്‍കുട്ടിയും. ആകെ രണ്ടുപേരേ ഉള്ളതുകൊണ്ട് അവിടുള്ള ഇത്തിരി സമയം കൊണ്ട് തന്നെ ഞങ്ങള്‍ മുടിഞ്ഞ കമ്പനിയായി. 

അങ്ങനെ, ഞാന്‍ നാട്ടിലേയ്ക്ക് പോരുന്നതിന് മുന്‍പ് ഞങ്ങള്‍ ഒരു വൈകുന്നേരം പുറത്ത് കറങ്ങാന്‍ പോകാന്‍ തീരുമാനിച്ചു. ഗൂഗിളില്‍ മുങ്ങിത്തപ്പി ഞാന്‍ ഒരു സ്ഥലം കണ്ടുപിടിച്ചു. മ്യൂസിയം റോഡില്‍ ഉള്ള 'THE ONLY PLACE' എന്ന റെസ്റ്ററന്‍റ്. ജക്കൂറില്‍ നിന്ന് പത്ത്-പതിനഞ്ച് കിലോമീറ്റര്‍ ഉണ്ട് അവിടേയ്ക്ക്. ഏതായാലും ഞങ്ങള്‍ പോകാന്‍ തന്നെ തീരുമാനിച്ചു. നല്ല ഫുഡ്‌ കിട്ടുന്ന സ്ഥലങ്ങള്‍ തേടിയുള്ള ഇത്തരം യാത്രകള്‍ അക്കാലത്ത് ഒരു പതിവായിരുന്നു.

ബസിലാണ് അങ്ങോട്ട്‌ പോയത്. ഏകദേശം അടുത്തെവിടെയോ ഇറങ്ങി. ഗൂഗിള്‍ മാപ്പിലെ സ്വൈര്യം തരാത്ത അമ്മച്ചിയുടെ കൃപാകടാക്ഷം കൊണ്ട് അങ്ങനെ ഒരുവിധം ഞങ്ങള്‍ അത് കണ്ടു പിടിക്കുകതന്നെ ചെയ്തു. ഒരു ഗേറ്റ് മാത്രമാണ് ആദ്യം കണ്ണില്‍പ്പെട്ടത്. ഗേറ്റില്‍ 'THE ONLY PLACE' എന്നെഴുതിയ ഒരു ചെറിയ ഫ്ലക്സ് ഉള്ളതാണ് കണ്ണില്‍പ്പെടുന്ന ഏക അടയാളം. അകത്തേയ്ക്ക് കിടക്കുന്ന വഴിയേ ഒരു വണ്ടിക്ക് കഷ്ടപ്പെട്ട് കടന്നുപോകാം. പണി പാളിയോ എന്നൊരു തോന്നല്‍ ഉണ്ടാകാതിരുന്നില്ല. അപ്പോഴും റെസ്റ്ററന്‍റ് മൊത്തത്തില്‍ ഞങ്ങളുടെ കണ്ണില്‍ പെട്ടിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. 

എന്തായാലും ഞങ്ങള്‍ അകത്തു കടക്കാന്‍ തന്നെ തീരുമാനിച്ചു. 7 മണിക്കാണ് റെസ്റ്ററന്‍റ് തുറക്കുക. സമയം ആറര ആയിട്ടേയുള്ളൂ. അകത്തുകയറി വെയിറ്റ് ചെയ്യാമെന്നതായിരുന്നു കണക്കുകൂട്ടല്‍. 

അകത്തേയ്ക്കുള്ള വഴിയേ ഇത്തിരി നടന്നപ്പോള്‍  തന്നെ മനസിലായി പുറമേ നിന്ന് കാണുന്നത് പോലെയേയല്ല,  സംഭവം വന്‍ സെറ്റപ്പാണ് എന്ന്. അങ്ങനെ രശ്മിയോട് എന്തോ പറഞ്ഞ് ചിരിച്ച് മുന്നോട്ടു നടന്ന ഞാന്‍ ഒരു ഗ്ലാസ് ഡോറിന്‍റെ മുന്നിലാണ് ചെന്നുനിന്നത്. എന്‍റെ ഇടത്ത് വശത്താണ് ഡോര്‍. ഉള്ളില്‍ നിന്ന് വെളുത്ത ഡോര്‍ കര്‍ട്ടന്‍ ഉള്ളതുകൊണ്ട് ആരെയും കാണാന്‍ പറ്റുന്നില്ല. ഞാന്‍ വളരെ കൂള്‍ ആയി അകത്ത് കയറി. 

രശ്മി ഒപ്പം എത്തിയിട്ടില്ല. എങ്കിലും ഞാന്‍ കയറി. അകത്തു കയറിയതും ഞാന്‍ വണ്ടര്‍ അടിച്ചുപോയി. ഒറ്റ മേശയും കസേരയും ഇല്ല. പയ്യെ ചുറ്റും കണ്ണോടിച്ചപ്പോള്‍ ആദ്യം ഒരു ചെറിയ പെണ്‍കുട്ടിയെയും പിന്നെ 2 മുതിര്‍ന്ന സ്ത്രീകളെയും കണ്ടു. ഒപ്പം രണ്ട് നേപ്പാളി മുഖമുള്ള 'വെയിട്രസ്'മാരും! (അങ്ങനെയല്ലേ വിചാരിക്കാന്‍ തരമുള്ളൂ! ഹോട്ടലാണല്ലോ!!) 

ഒരു ചെറിയ മേശയ്ക്ക് ചുറ്റും ഇത്രയും പേര്‍. അവരെന്നെ അന്താളിപ്പോടെ നോക്കി. എന്നാലും ഓപ്പണിംഗ് സമയം ആയില്ലെന്ന് കരുതി ഇവരെന്തിനാണ് മേശയൊക്കെ ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന സംശയത്തോടെ ഞാനും തിരിച്ചു നോക്കി. 

അറിയാവുന്ന മുറി-കണ്ണടയും ബാക്കി മലയാളവും ചേര്‍ത്ത് "ഹോട്ടല്‍ എപ്പോ തൊറ ബെക്കും?" (തെറിയൊന്നും അല്ലന്നാണ് എന്‍റെയൊരു വിശ്വാസം!) എന്ന് ചോദിക്കാന്‍ പോയതും രശ്മി എന്നെ ഷര്‍ട്ടില്‍ പിടിച്ച് പുറത്തേയ്ക്ക് വലിച്ചിറക്കിയതും ഒന്നിച്ചായിരുന്നു. എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ നില്‍ക്കുന്ന എന്നെ നോക്കി അവള്‍ ആ ഗ്ലാസ് ഡോറിന്‍റെ സൈഡിലെ ബോര്‍ഡിലേയ്ക്ക് വിരല്‍ ചൂണ്ടി ചിരിക്കാന്‍ തുടങ്ങി. ഞാന്‍ അല്‍പ്പം ശബ്ദത്തില്‍ തന്നെ വായിച്ചു: "സ്പാ!!"

പണ്ടാരമടങ്ങാന്‍! ഇവര്‍ക്കിത് വേറെ എവിടെയെങ്കിലും കൊണ്ട് വെച്ചൂടാരുന്നോ!!! ഞാന്‍ ചമ്മി നാറി അവിടെത്തന്നെ നിന്നു. അവളാണെങ്കില്‍ നിര്‍ത്താതെ ചിരിയും. പെട്ടെന്ന് എവിടുന്നൊക്കെയോ കുറെ ലൈറ്റുകള്‍ തെളിഞ്ഞു. ഹോട്ടലിന്‍റെ പേര് എഴുതിയ വലിയ ബോര്‍ഡ് അടക്കം എല്ലാം പ്രകാശിച്ചുനിന്നു. 
ഇവന്മാര്‍ക്ക് ഇതിത്തിരി നേരത്തെ ആയിക്കൂടാരുന്നോ എന്ന് മനസ്സില്‍ പറയുകയല്ലാതെ വേറൊന്നും ചെയ്യാന്‍ നിവൃത്തി ഇല്ലഞ്ഞത് കൊണ്ട് ഞാന്‍ അതില്‍ തൃപ്തിയടഞ്ഞു. എന്നും പറഞ്ഞു ചിരിക്കാന്‍ ഞങ്ങള്‍ക്കൊരു കഥയും കൂടി കിട്ടിയ സന്തോഷം വയറുനിറയെ ഫുഡ്‌ അടിച്ച് ആഘോഷിച്ച്, "ഹോട്ടലും സ്പായും ഒരേ മതില്‍ക്കെട്ടിനുള്ളില്‍ പണിത ആ മഹാന് ദീര്‍ഘായുസ് വരുത്തണേ, ഈശ്വരാ" എന്ന പ്രാര്‍ഥനയോടെ ഞങ്ങള്‍ ബാംഗ്ലൂരിലെ അവസാന കറക്കത്തിന്‍റെ സെക്കണ്ട് ഹാഫ് ആര്‍ഭാടമായി അടിച്ചുപൊളിച്ചു.

Saturday, 28 November 2015

ഒരു മാമ്പഴക്കവിതയും കണ്ണുനീരും

"അങ്കണത്തൈമാവില്‍ നി-
ന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നി-
ന്നുതിര്‍ന്നൂ ചുടുകണ്ണീര്‍."

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി മലയാളം പദ്യപാരായണ മത്സരത്തില്‍ പങ്കെടുക്കുന്നത്. സ്കൂള്‍ തലത്തിലാണ് മത്സരം. നാലാം ക്ലാസ് വരെ പ്രസംഗം ആയിരുന്നു എന്‍റെ മുഖ്യ പ്രവര്‍ത്തനമേഖല! അച്ചാച്ചന്‍ നല്ലൊന്നാന്തരം പ്രസംഗങ്ങള്‍ എഴുതിത്തരും. അത് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പഠിച്ച് മനപാഠമാക്കി, ഭാവങ്ങളും മുദ്രകളും ഒക്കെ ആവശ്യത്തിനും അനാവശ്യത്തിനും ഇട്ടുകൊടുത്ത്, സമ്മാനങ്ങള്‍ ഒക്കെ പോക്കറ്റിലാക്കി സമാധാനപരമായി മുന്നോട്ടുപോകുമ്പോഴാണ് ഈ പദ്യപാരായണം മുന്നില്‍ വന്ന് ചാടുന്നത്.

ഞാനായിട്ട് പേര് കൊടുത്തതാണോ അതോ ആരെങ്കിലും ചോദിച്ചപ്പോള്‍ ഞാന്‍ അറിയാതെ യെസ് പറഞ്ഞ് പെട്ടുപോയതാണോ എന്നെനിക്കറിയില്ല. ഏതായാലും ഞാന്‍ കവിത പഠിക്കാന്‍ തന്നെ തീരുമാനിച്ചു. കാര്യം അച്ചാച്ചനോട് അവതരിപ്പിച്ചപ്പോള്‍ പഴയ പുസ്തകഷെല്‍ഫില്‍ നിന്ന് ഒരു ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പോ മറ്റോ എടുത്തുകൊണ്ടുവന്നു.

അതിന്‍റെ ആദ്യത്തെ ഏതാനും താളുകള്‍ക്കുള്ളില്‍ത്തന്നെയുണ്ടായിരുന്നു ആ കശ്മലന്‍ മാമ്പഴം. ക്വിസ് മത്സരത്തിന് പഠിക്കുമ്പോള്‍ സാഹിത്യവിഭാഗത്തില്‍ എവിടെയെങ്കിലും വന്നുപെട്ടാല്‍ അല്ലാതെ വൈലോപ്പിള്ളി എന്നൊക്കെ അന്ന് കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല. ഏതായാലും കവിത കിട്ടി. വൈലോപ്പിള്ളിയുടെ മാമ്പഴം.

ഇനിയാണ് അടുത്ത പ്രശ്നം. അതൊരു ഒന്നൊന്നര പ്രശ്നം ആയിരുന്നു. എങ്ങനെ കവിത ചൊല്ലണം? അതിനും അച്ചാച്ചന്‍ വഴിയുണ്ടാക്കി. മലയാളം അദ്ധ്യാപകനായ അച്ചാച്ചനെ സംബന്ധിച്ചിടത്തോളം ഒരു കവിത ചൊല്ലുകയെന്നത് അത്ര വലിയ പ്രശ്നമൊന്നും ആയിരുന്നില്ല.

കട്ടിലിന്‍റെ ഒരറ്റത്ത് അച്ചാച്ചന്‍. മറ്റേയറ്റത്ത് അമ്മ. നടുവില്‍ ഞാനും. അച്ചാച്ചന്‍ നല്ല ഈണത്തില്‍ കവിത ചൊല്ലാന്‍ തുടങ്ങി. സത്യമായിട്ടും ഇത്രെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നതുകൊണ്ട്‌ ആദ്യ നാല് വരി കേട്ടപ്പോഴേ എന്‍റെ കണ്ണുകള്‍ രണ്ടും അത്ഭുതം കൊണ്ട് വിടര്‍ന്നു. അച്ചാച്ചന്‍ അതിമനോഹരമായി കവിത ചൊല്ലുകയാണ്. ഞാന്‍ കാതുകൂര്‍പ്പിച്ച്‌ കേട്ടുകൊണ്ടിരുന്നു.

പക്ഷേ സീന്‍ മാറാന്‍ അധികം സമയം വേണ്ടിവന്നില്ല. മകനെ നഷ്ടപ്പെട്ട അമ്മയുടെ ദുഖമൊക്കെ വൈലോപ്പിള്ളി വാക്കുകളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത് കേട്ടുതുടങ്ങിയപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയത് ഞാന്‍ പോലും അറിഞ്ഞില്ല.

"മാങ്കനി വീഴാന്‍ കാത്തു
നില്‍ക്കാതെ മാതാവിന്‍റെ
പൂങ്കുയില്‍ കൂടും വിട്ടു
പരലോകത്തെ പുല്‍കി"

കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകിത്തുടങ്ങിയത് വകവയ്ക്കാതെ തുടച്ചുമാറ്റി, അടുത്ത വരികള്‍ക്കായി ഞാന്‍ ശ്രദ്ധയോടെ കാത്തിരുന്നു.

"തന്നുണ്ണിക്കിടാവിന്‍റെ
താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു
മന്ദമായി ഏവം ചൊന്നാള്‍,

ഉണ്ണിക്കൈക്കെടുക്കുവാന്‍
ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീമാമ്പഴം
വാസ്തവമറിയാതെ."

ഞാന്‍ അമ്മയെ ഒളികണ്ണിട്ടു നോക്കിയപ്പോള്‍ അമ്മ എന്നെത്തന്നെ നോക്കിയിരിക്കുന്നു. അമ്മയുടെ കണ്ണും നിറഞ്ഞിട്ടുണ്ട്‌. എന്നാല്‍, അമ്മയുടെ കണ്ണ് നിറഞ്ഞത്‌ കവിതയിലെ ഉണ്ണിക്ക് വേണ്ടിയായിരുന്നില്ലയെന്ന്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട്.

പിണങ്ങിപോയീടിലും
പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ
ഉണ്ണുവാന്‍ വരാറില്ലേ

ഈ ഭാഗമൊക്കെ ആയപ്പോള്‍ എന്‍റെ കണ്ണില്‍നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുവാന്‍ തുടങ്ങി. ഞാന്‍ അമ്മയുടെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു.

വരിക കണ്ണാൽ കാണാ‍ൻ
വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും
തായ തൻ നൈവേദ്യം നീ

ഒരു തൈകുളിർക്കാറ്റാ-
യരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ
അമ്മയെ ആശ്ലേഷിച്ചു.

അച്ചാച്ചന്‍ ചൊല്ലിനിര്‍ത്തിയതും എന്‍റെ സകല കണ്‍ട്രോളും പോയെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഞാന്‍ കട്ടിലില്‍ മുഖമമര്‍ത്തി കമിഴ്ന്നുകിടന്ന് കരയാന്‍ തുടങ്ങി. അച്ചാച്ചനും അമ്മയും ഏതാണ്ടൊക്കെ പറയുന്നുണ്ടെങ്കിലും എനിക്കൊന്നും കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ അവരെന്നെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ഞാന്‍ പറയുന്നുണ്ടായിരുന്നു,

"എനിക്കൊന്നുമില്ല. ഞാന്‍ കരയുകയൊന്നുമല്ല."

എന്ന്. അവസാനം എണീറ്റ്‌ അച്ചാച്ചന്‍റെയും അമ്മയുടെയും മുഖത്ത് നോക്കിയപ്പോള്‍ എനിക്ക് മുടിഞ്ഞ നാണം. ഞാനാണല്ലോ മൂത്ത സന്തതി. ഞാന്‍ ഇങ്ങനെ കരയുന്നത് മോശമല്ലേ! അവരാണെങ്കില്‍ എന്നെ നോക്കി ചിരിക്കുകേം ചെയ്യുന്നു. എനിക്കും ചിരിപൊട്ടി. ഞാന്‍ ഒരേ സമയം ചിരിക്കാനും കരയാനും തുടങ്ങി. കാരണം കണ്ണുനീര്‍ ഓഫ് ചെയ്യാനുള്ള സൂത്രപ്പണിയൊന്നും എനിക്കറിയൂല്ലല്ലോ.

അന്ന് തുടങ്ങി എവിടെ ഈ കവിത കേട്ടാലും, എന്തിന് എവിടെയെങ്കിലും വൈലോപ്പിള്ളി എന്നോ മാമ്പഴം എന്നോ കേട്ടാല്‍ പോലും, എനിക്കീ സംഭവം ഓര്‍മ വരും. അന്ന് എന്‍റെ കുഞ്ഞുമനസിനെ വൈലോപ്പിള്ളി സ്പര്‍ശിച്ച അത്രയും പിന്നീടൊരു കവിതയും കവിയും തൊട്ടിട്ടില്ല.

വാല്‍ക്കഷ്ണം : കരച്ചില്‍ സെഷന്‍ ഒക്കെ കഴിഞ്ഞ് ഞാന്‍ കവിത പാടി പഠിക്കുവാന്‍ തുടങ്ങി. അങ്ങനെ ഒരുവിധം മനപാഠമാക്കി വന്നപ്പോഴേക്കും മത്സരദിവസം വന്നു. അന്നൊക്കെ ഞാന്‍ ടെന്‍ഷന്‍റെ ഉസ്താദാണ്‌. ഒരുവിധം ധൈര്യം സംഭരിച്ച് മാര്‍ക്കിടാന്‍ ഇരിക്കുന്ന ടീച്ചര്‍മാരുടെ മുന്നില്‍ എത്തിയപ്പോഴേക്കും എന്‍റെ എല്ലാ ധൈര്യവും പോയി. ആദ്യത്തെ കുറേ വരികള്‍, താരതമ്യേനെ എളുപ്പമുള്ള വരികള്‍, കഴിഞ്ഞപ്പോള്‍ ഒന്നും ഓര്‍മ കിട്ടാതെയായി. ഒടുക്കം മുഴുവന്‍ പൂര്‍ത്തിയാക്കാതെ ഞാന്‍ നന്ദി നമസ്കാരം പറഞ്ഞു. അന്ന് പാടിത്തീര്‍ക്കാഞ്ഞതില്‍ അപ്പോള്‍ വിഷമമൊന്നും തോന്നിയിരുന്നില്ല. പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞ് തോന്നിയപ്പോഴേയ്ക്കും ശബ്ദം ബാല്യത്തിന്‍റെ നനുനനുപ്പ് വിട്ട് കൗമാരത്തിന്‍റെ കനകനപ്പില്‍ എത്തിയിരുന്നു.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ നന്നായി എന്ന് തോന്നുന്നു. മകന് കൊടുക്കാന്‍ പറ്റാതെ പോയ മാമ്പഴവുമായി അവനെ അടക്കിയ മണ്ണിന് മുന്നില്‍ നിസഹായയായി നിന്നുപോയ ആ അമ്മയെപ്പോലെ, ഞാനും, പാടി മുഴുമിക്കുവാന്‍ ആവാത്ത കവിതയുമായി എന്‍റെ ഗതകാലസ്മരണകളുടെ കുഴിമാടത്തിന് മുന്നില്‍ ഇതാ, ഇങ്ങനെ നില്‍ക്കുന്നു. കടന്നുപോയവയുടെ സൗരഭ്യത്തിന്‍റെ അവശേഷിപ്പുകളും പേറി ഒരു കുളിര്‍ക്കാറ്റെങ്കിലും എത്തുമെന്ന പ്രതീക്ഷയോടെ!

Thursday, 26 November 2015

പനിപിടിച്ച സ്വപ്നങ്ങള്‍

പനി പിടിച്ചിരിക്കുന്നത് കാരണം എഴുതാന്‍ ഇരിക്കുമ്പോഴേ പനിയാണ് മനസ്സില്‍ എത്തുക. ഇന്നത്തെ സ്ഥിതിയും വ്യത്യസ്തമല്ല. 

സാധാരണ പനി പിടിച്ചുകഴിഞ്ഞാല്‍ ഏറ്റവും പ്രയാസം അനുഭവപ്പെടുക ശരിയായി ഉറങ്ങാനാണ്. എങ്ങനെയെങ്കിലും ഒന്ന് ഉറങ്ങിയിട്ട് ഇടയ്ക്കൊന്ന് എണീറ്റ്‌ പോയാലോ, പിന്നത്തെ അവസ്ഥ മഹാകഷ്ടം തന്നെ.

എന്നാല്‍, ഇത്തവണത്തെ പനി അതിലും കുറച്ച് വെറൈറ്റിയുമായിട്ടാണ് എത്തിയത്. പകലും രാത്രിയും എന്ന വ്യത്യാസമില്ലാതെ നന്നായി ഉറങ്ങാന്‍ പറ്റുന്നുണ്ട്. പക്ഷേ, ഹൈലൈറ്റ് അതല്ല. മൂന്ന്‍ മണിക്കൂറില്‍ അധികം ഒറ്റയടിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല. എന്നാല്‍, തിരികെ ഉറക്കത്തിലേയ്ക്ക് പോകാന്‍ യാതൊരു വിധ പ്രശ്നവും അനുഭവപ്പെടുന്നുമില്ല. എന്താല്ലേ!

ഇതിനിടയ്ക്ക് കിടിലന്‍ സ്വപ്നങ്ങളുമുണ്ട്. എന്താണ് സ്വപ്നം കണ്ടതെന്ന് ചോദിക്കരുത്. ഓര്‍മയില്ല. ബോധാമുള്ളപ്പോ പറയുന്നതോ ചെയ്യുന്നതോ പോലും ശരിയായി ഓര്‍ത്തുവെയ്ക്കാന്‍ പറ്റുന്നില്ല. അപ്പോഴാണ്‌ സ്വപ്‌നങ്ങള്‍!

പക്ഷേ, ഒരു കാര്യം മാത്രം അറിയാം. എല്ലാം കിടു സ്വപ്നങ്ങള്‍ ആയിരുന്നു. എല്ലാ സ്വപ്നങ്ങള്‍ക്കും ഒരു കോമണ്‍ തീം ഉണ്ടായിരുന്നു. ഒരു പ്രത്യേക ടാസ്ക് പൂര്‍ത്തിയാക്കുക എന്നതുപോലെ. ഞാന്‍ തന്നെയായിരുന്നു നായകന്‍ എന്ന് പ്രത്യേകം പറയേണ്ടല്ലോ.

ഓരോ ഭാഗവും തീരുമ്പോള്‍ ആണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് എണീക്കുക. വീണ്ടും കിടക്കുമ്പോള്‍ അടുത്ത ഭാഗം തുടങ്ങും. നാലമാത്തെ ഭാഗം മാത്രം എനിക്കങ്ങോട്ട് ബോധിച്ചില്ല. തുടര്‍സിനിമകള്‍ ഉണ്ടാവുന്ന ഒരു ഫിലിം സീരിസ് ആണ് എന്‍റെ സ്വപ്നമെന്നും അത് ബോര്‍ ആയിത്തുടങ്ങിയെന്നും എനിക്ക് തോന്നിയതും ഇതേ നാലാം ഭാഗത്താണ്. 

അതുകൊണ്ട് നാലാമത്തെ ഭാഗത്തിന് ശേഷം അല്‍പ്പം സമയമെടുത്തിട്ടാണ് ഞാന്‍ കിടന്നത്. നേരത്തെ പ്ലാന്‍ ചെയ്തു കണ്ടതുകൊണ്ടാവും അഞ്ചാമത്തെ ഭാഗം തകര്‍ത്തടുക്കി. ഇത്രേം നല്ല സ്വപ്നം ഞാന്‍ എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുണ്ടാവില്ല.

ഇപ്പോഴും എന്നെ കുഴക്കുന്ന പ്രശ്നം ഇതൊന്നുമല്ല. ഇത്രയുമൊക്കെ ഡീറ്റെയില്‍സ് ഓര്‍ത്തിരിക്കാമെങ്കില്‍ എന്തുകൊണ്ട് ആ സ്വപ്നം കൂടി ഓര്‍ത്തിരുന്നുകൂടാ??? 

ചിലപ്പോ നല്ലതിനാവും. ചിലപ്പോ ഒരേ സ്വപ്നം തന്നെയാവും ഞാന്‍ പിന്നെയും പിന്നെയും കാണുന്നത്. അത് ഓര്‍മയില്‍ നില്‍ക്കാത്തത് കൊണ്ട് ആവര്‍ത്തനവിരസത ഒഴിവാകുമല്ലോ.

വാല്‍ക്കഷ്ണം : ഞാന്‍ ഇതിങ്ങനെ പനിയെപ്പറ്റി എഴുതിയെഴുതി ഒടുക്കം ബ്ലോഗിന്‍റെ പേര് "എന്‍റെ പനിക്കഥകള്‍" എന്നാക്കേണ്ടി വരുമോ എന്തോ!!!

പനിയും ഞാനും പിന്നെ എഫ്.എം. റേഡിയോയും

കാര്യം നാട്ടിലെങ്ങും പാട്ടായിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഞാന്‍ എഫ്.എം. റേഡിയോ സ്വന്തം ഇഷ്ടപ്രകാരം കേള്‍ക്കുന്ന ഒരേയൊരു അവസരമേയുള്ളൂ. പനി പിടിക്കുമ്പോള്‍! വേറെ ആരുടെയെങ്കിലും ഒപ്പം വണ്ടിയില്‍ യാത്ര ചെയ്യുമ്പോഴോ മുടി വെട്ടാന്‍ ഇരുന്ന് കൊടുക്കുമ്പോഴോ കേള്‍ക്കേണ്ടി വരാറുണ്ട് എങ്കിലും അതൊന്നും എന്‍റെ താല്‍പര്യപ്രകാരം അല്ലല്ലോ. അപ്പോ എന്താണ് പനിയും എഫ്.എം. റേഡിയോയും തമ്മിലുള്ള ആ അവിഹിത ബന്ധം???

പനി പിടിച്ചാല്‍ ആദ്യം പണി കിട്ടുക കണ്ണുകള്‍ക്കായിരിക്കും. ഒന്നും വായിക്കാന്‍ വയ്യ, സിനിമ കാണാന്‍ വയ്യ, ഗെയിം കളിക്കാന്‍ വയ്യ. അതായത് പൊതുവില്‍ ഞാന്‍ സമയം കളയാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ ഈ നശിച്ച പനി തമ്മസിക്കില്ല എന്നര്‍ത്ഥം.

പിന്നെ ചെയ്യാവുന്ന കാര്യം പാട്ട് കേള്‍ക്കലാണ്. ബാംഗ്ലൂരില്‍ താമസിച്ചിരുന്ന സമയത്ത് യാത്രയ്ക്കിടെ കേള്‍ക്കാന്‍ വേണ്ടി മാത്രമായി ഏതാനും പാട്ടുകള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. അവിടം വിട്ടപ്പോള്‍ ആ പരിപാടിയും നിന്നു. പുതിയ പാട്ടുകള്‍ എല്ലാം കേള്‍ക്കുമെങ്കിലും അവ യൂട്യൂബില്‍ നിന്നാവും സ്ഥിരം കേള്‍ക്കുക. അപ്പോള്‍പ്പിന്നെ പനി പിടിക്കുമ്പോള്‍ പാട്ട് കേള്‍ക്കണമെങ്കില്‍ നോ രക്ഷ.

അവിടെയാണ് എഫ്.എം. എന്‍റെ രക്ഷകനാകുന്നത്. കട്ടിലില്‍ കിടക്കുമ്പോ അടുത്തുകിടന്ന് അവനിങ്ങനെ പാടിക്കൊണ്ടിരിക്കും. ഇടയ്ക്ക് റെയില്‍വേ അനൗണ്‍സ്മെന്‍റ് പോലെയുള്ള പരസ്യങ്ങളും റേഡിയോ ജോക്കികളുടെ കലപില വര്‍ത്തമാനങ്ങളും സഹിക്കണം എന്നേയുള്ളൂ. പഴയ പാട്ടുകള്‍, പുതിയ പാട്ടുകള്‍, ഹിന്ദി പാട്ടുകള്‍, തമിഴ് പാട്ടുകള്‍ എന്നിങ്ങനെ ഈ ദുനിയാവില്‍ ഉള്ള ഏത് തരം പാട്ടും അവരിങ്ങനെ കേള്‍പ്പിച്ചുകൊണ്ടേയിരിക്കും. സുഖം പരിപാടിയല്ലേ! 

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും പണി കഴിഞ്ഞാല്‍ പിന്നെ കൂരായണ എന്നതാണ് എഫ്.എം. ന്‍റെ വിധി. അത് മനസിലാക്കാനുള്ള കഴിവ് ഫോണിന് ഇല്ലാത്തത് കൊണ്ട് പിണക്കങ്ങളും പരിഭവങ്ങളും ഇല്ലാതെ അതിങ്ങനെ പാടുന്നു. പാടിക്കൊണ്ടേയിരിക്കുന്നു.

Wednesday, 25 November 2015

കുഞ്ഞുകുഞ്ഞ് പൊങ്ങച്ചങ്ങളും അനന്തരഫലങ്ങളും

കഴിഞ്ഞ ആഴ്ച അമലിന് പനി പിടിച്ച്, അതിന്‍റെ ഹാങ്ങ്‌ഓവറില്‍ നാശമായി നില്‍ക്കുമ്പോള്‍ ഞാന്‍ അവനോട് പറഞ്ഞു: "നിനക്കറിയാമോ എനിക്ക് ഇവിടെ വന്നിട്ട് ഇതുവരെ പനി പിടിച്ചിട്ടില്ല!. എത്ര തവണ മഴ നനഞ്ഞു! എത്ര തവണ വിയര്‍പ്പ് താണു! നാട്ടിലായിരുന്നെങ്കില്‍ ഇത്രയും നാളുകള്‍ക്കുള്ളില്‍ ഒരു രണ്ട് തവണയെങ്കിലും പനി പിടിച്ചേനെ!!!"

ഒരു പഞ്ച് കിട്ടാന്‍ സ്ഥിരം അടിക്കുന്ന ഡയലോഗ് ആണെങ്കിലും പറഞ്ഞു കഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നു എന്നൊരു തോന്നല്‍. കഴിഞ്ഞ തവണ ഇതേ ഡയലോഗ് പറഞ്ഞത് ബാംഗ്ലൂര്‍ ആയിരുന്നപ്പോഴാണ്. അന്നും ഇത് തന്നെ സംഭവം. ഡയലോഗ് അല്‍പ്പം പഞ്ച് കൂട്ടിപ്പറഞ്ഞത്‌ കൊണ്ടാണോ എന്തോ, കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ നല്ല കിടിലന്‍ പനി. ഒറ്റയ്ക്ക് ആയിരുന്നകൊണ്ട് വെള്ളം ചൂടാക്കാനും ചുക്ക് കാപ്പി ഇടാനുമെല്ലാം എണീറ്റ്‌ നടന്ന് ആ പനി അധികം പണിയുണ്ടാക്കാതെ മാറിക്കിട്ടി.

ഇത്രേം ഓര്‍ത്തെടുക്കാന്‍ അധികം സമയം വേണ്ടായിരുന്നത് കൊണ്ട് ഞാന്‍ ഉടന്‍ തന്നെ അടുത്ത ഡയലോഗ് വിട്ടു. "പണ്ടിങ്ങനെ ഒന്ന് അഹങ്കാരം പറഞ്ഞിട്ട് പണി കിട്ടിയ അനുഭവം ഉള്ളതാ. മിക്കവാറും അടുത്ത ആഴ്ച ഞാനും പനി പിടിച്ചു കിടക്കുന്നുണ്ടാവും!" 

ദാ, ഇപ്പൊ സംഗതി സത്യമായി. ശരിക്കും ഞാന്‍ പൊങ്ങച്ചം പറഞ്ഞത് കൊണ്ട് "ഇവനിപ്പൊ അങ്ങനെ സുഖിക്കണ്ട!" എന്ന് കരുതി പനി പണി തന്നതാണോ അതോ പനി വരുന്നതിന് കൃത്യം ഒരാഴ്ച മുന്നേ എനിക്ക് പൊങ്ങച്ചം പറയണം എന്ന് തോന്നിയതാണോ, എന്നെനിക്കറിയില്ല. 

ദൈവദോഷം പറഞ്ഞാല്‍ നാക്ക് പുഴുത്തുപോകും എന്ന പഴയ അമ്മാമ്മ ലൈനില്‍ ഇനി പനിദൈവങ്ങള്‍ പണി തന്നതാണോ? എന്ത് തേങ്ങയാണെങ്കിലും എന്‍റെ ഉറക്കത്തിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായിക്കിട്ടി. 

അറിവില്ലാപൈതങ്ങളാണേ, ചെയ്ത തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണേ. പനിദൈവങ്ങളേ, മാപ്പ്! ലേലു അല്ലു ലേലു അല്ലു ലേലു അല്ലു

Monday, 23 November 2015

മട്ടുപ്പാവിലെ തണുപ്പില്‍ ആകാശവും മേഘങ്ങളും എന്നോട് പറയുന്നത്

വളരെക്കാലങ്ങള്‍ക്ക് ശേഷം ഇന്നലെ രാത്രിയാണ് മതിവരുവോളം ആകാശം കണ്ടത്. ഇതിനുമുന്‍പ് ഇങ്ങനെ, ഒരു വാന്‍ഗോഗ് ചിത്രം പോലെ, ആകാശം കണ്ണെടുക്കാതെ കണ്ടിട്ടുള്ളത് ഒന്നൊന്നര വര്‍ഷം മുന്‍പാണ്. അന്ന് ബാംഗ്ലൂരിലെ രണ്ടാം നിലയിലെ ഒറ്റമുറികൂട്ടില്‍ നിന്നും സന്ധ്യ മയങ്ങേണ്ട താമസം മുകളില്‍ ടെറസിലേയ്ക്ക് പോകുന്നത് ഒരു പതിവായിരുന്നു. ഒരു കപ്പ് ചൂട് കാപ്പിയുമായി അങ്ങനെ നേരമിരുളുന്നത് നോക്കി നില്‍ക്കും. 

പിന്നെ രാത്രി ഏറെ വൈകി ഒരു പോക്കുണ്ട്, നന്നേ തണുപ്പ് പിടിച്ചു കഴിയുമ്പോള്‍. ടെറസിലെ പൊടിയെ വകവെയ്ക്കാതെ മലര്‍ന്നങ്ങനെ കിടക്കും. മേഘങ്ങള്‍ ഇങ്ങനെ ഓടിമറയുന്നത് നോക്കിക്കിടക്കുമ്പോള്‍ തോന്നും അവ അനങ്ങാതെ നില്‍ക്കുകയും ഞാനിങ്ങനെ ഒഴുകി നടക്കുകയുമാണെന്ന്. ആ കിടപ്പില്‍ ചിലപ്പോള്‍ ഉറക്കത്തില്‍ വീണുപോവുകയും ചെയ്യും. പിന്നെ തണുപ്പ് അസ്ഥിക്ക് പിടിക്കുമ്പോഴാണ് എണീക്കുക. വെളുപ്പിനെ രണ്ടു മണിക്കും മൂന്ന്‍ മണിക്കുമൊക്കെ. 

അവിടം വിട്ടുപോരുമ്പോള്‍ ഏറെ നഷ്ടബോധം തോന്നിയതും ആ മട്ടുപ്പാവ് ജീവിതത്തെക്കുറിച്ച് തന്നെയാണ്. (മട്ടുപ്പാവ് എന്ന വാക്ക് ടെറസിന് പകരമായി ഉപയോഗിക്കാന്‍ ഇപ്പോഴും ഒരു ചെറിയ ബുദ്ധിമുട്ടുണ്ട്. കൊട്ടരത്തിനല്ലേ മട്ടുപ്പാവ് ഉണ്ടാകൂ, സാധാരണക്കാരന് ആ പ്രയോഗം തന്നെ ഒരു ആഡംബരം അല്ലേ എന്നതാണ് സംശയം. എങ്കിലും കിട്ടിയ ഭാഗ്യങ്ങളെക്കുറിച്ച് മനസുനിറയെ സന്തോഷവും വഴുതിപ്പോയവയെപ്പറ്റി അതിലേറെ സന്തോഷവും ഉള്ളവന് അല്‍പ്പം ആഡംബരവും ആര്‍ഭാടവും ഒക്കെ ആകാം എന്ന ന്യായത്തില്‍ അതങ്ങനെ തന്നെ ഇരിക്കട്ടെ!)

എന്‍റെ ജീവിതം മുഴുവന്‍ ചുറ്റിത്തിരിഞ്ഞിരുന്നത് ആ മട്ടുപ്പാവിനെ കേന്ദ്രീകരിച്ചായിരുന്നു. അപൂര്‍വമായി ആണെങ്കിലും എത്തുന്ന സന്ദര്‍ശകരെ അഹങ്കാരത്തോടെ കൂട്ടിക്കൊണ്ടുപോകുവാനും ഒട്ടേറെ ഫോണ്‍വിളികള്‍ക്ക് നിശബ്ദസാന്നിധ്യമാകുവാനും ഒറ്റയ്ക്കിരിക്കണമെന്ന് തോന്നിയപ്പോഴൊക്കെ ശല്യമുണ്ടാക്കാതെ സമ്മതിച്ചുതരാനുമെല്ലാം അങ്ങനെ എനിക്കൊരു മട്ടുപ്പാവ് സ്വന്തമായി ഉണ്ടായിരുന്നു. 

കേരളത്തിന്‍റെ കൊച്ചു തലസ്ഥാനനഗരിയോട് ചേര്‍ന്ന് താമസം തുടങ്ങിയിട്ട് മൂന്ന് മാസങ്ങള്‍ കഴിഞ്ഞ് അപ്രതീക്ഷിതമായി വീണ്ടുമൊരു മട്ടുപ്പാവ് കൂടി എനിക്ക് സ്വന്തമാവുകയാണ്. അവിടെ നിന്ന് എനിക്കിനിയും മതിവരുവോളം ആകാശം കാണണം. മേഘങ്ങള്‍ പറയുന്ന കഥകള്‍ കേള്‍ക്കണം. അവ പകര്‍ത്തിയെഴുതണം. 

N.B.: ഒരേ വാക്യം തന്നെ മുറിച്ചെഴുതാന്‍ തോന്നുമ്പോള്‍ അതിനെ കവിതയെന്നും ഒന്നിച്ചെഴുതുമ്പോള്‍ കഥയെന്നും വിളിക്കും ഞാന്‍. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അനുവാദം ഉണ്ടായിരിക്കുന്നതല്ല.