Tuesday 1 December 2015

ചില 'കോപ്പിയടി'ക്കഥകള്‍



കോപ്പിയടി ഒരു കലയാണെന്ന് ചില സമയങ്ങളില്‍ തോന്നാറുണ്ട്. താരതമ്യേന പരിചയക്കുറവുള്ള വിഷയമായത് കൊണ്ടാവും കോപ്പിയടിയില്‍ പി.എച്ച്.ഡി. വരെ എടുത്ത ചില എക്സ്ട്രാ ബ്രില്ല്യന്‍റ് സഹപാഠികളെ കാണുമ്പോള്‍ അറിയാതെ ഒരു ബഹുമാനം തോന്നും മനസ്സില്‍.

കോപ്പിയടിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് വാദിക്കുകയല്ല ഏതായാലും എന്‍റെ ലക്ഷ്യം. ചില കോപ്പിയടി അനുഭവങ്ങള്‍ പങ്കുവെയ്ക്കുക മാത്രമാണ്.

ഇനിയിപ്പോ ഞാന്‍ കോപ്പിയടിച്ച കഥകള്‍ ഓരോന്നായി പറയാനാണോ പരിപാടി എന്ന സംശയവും വേണ്ട. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം എനിക്ക് ഈ മേഖലയില്‍ അധികം അറിവ് നേടാനോ പ്രയോഗിക്കാനോ കഴിഞ്ഞിട്ടില്ല. എങ്കിലും ഒരുപാട് കോപ്പിയടികള്‍ കാണുവാനും കോപ്പിയടിയുടെ പേരില്‍ ഒരുപാട് പേരുടെ ഇഷ്ടക്കേട് സമ്പാദിക്കാനും ചെറുപ്പം മുതലേ കഴിഞ്ഞിട്ടുണ്ട്.

അച്ചാച്ചനും അമ്മയും ടീച്ചര്‍മാര്‍ ആയതുകൊണ്ടും അവര്‍ പഠിപ്പിക്കുന്ന അതേ സ്കൂളില്‍ത്തന്നെ പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് കൊണ്ടും കോപ്പിയടി ശരിയാണോ തെറ്റാണോ എന്നൊക്കെ ആലോചിക്കാനുള്ള വിവരം ഉണ്ടാവുന്നതിന് മുന്നേ തന്നെ കോപ്പി എന്ന് പറയുന്നിടത്ത് പോലും എന്‍റെ പേര് വരരുതേ എന്ന പേടി കാരണം നല്ലവനാവാന്‍ തീരുമാനിച്ചതാണ് ഈ സാക്ഷാല്‍ ശ്രീമാന്‍ ഞാന്‍.

സ്വയം കോപ്പിയടിക്കാന്‍ മാത്രമല്ല, ആരെങ്കിലും പരീക്ഷാഹാളില്‍ എന്തെങ്കിലും ചോദിച്ചാല്‍ പറഞ്ഞുകൊടുക്കാന്‍ പോലും പേടിയുള്ള കാലം. കാരണം, ടീച്ചര്‍ എങ്ങാനും കണ്ടുപിടിച്ചാല്‍ രണ്ടിന്‍റെയും അനന്തരഫലം ഒന്നുതന്നെയാണല്ലോ!അക്കാരണം കൊണ്ട് തന്നെ സാധാരണ ഗതിയില്‍  എന്നോട് ചോദിച്ചു സമയം കളയാന്‍ കൂട്ടുകാരാരും മിനക്കെടാറില്ല.

അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം. ഒന്നാം ടേം പരീക്ഷ നടക്കുകയാണ്. പരീക്ഷാസമയത്ത് ഒരു ഹാളില്‍ പല ക്ലാസുകളില്‍ നിന്നുള്ളവര്‍ ഉണ്ടാകും. പത്തിലെ ചേട്ടന്മാരെയൊക്കെ ആദ്യമായി കാണുന്നത് അവിടെയാണ്. ആദ്യത്തെ കുറച്ച് പരീക്ഷകള്‍ ഒക്കെ കഴിഞ്ഞ് സാമൂഹ്യശാസ്ത്രം പരീക്ഷയുടെ ദിവസം വന്നു. അന്ന് എല്ലാ ക്ലാസുകാര്‍ക്കും സാമൂഹ്യശാസ്ത്രമാണ് വിഷയം.

പരീക്ഷാഹാളില്‍ ടീച്ചര്‍ വരുന്നതിന് മുന്നേ പത്തിലെ ഒരു ചേട്ടന്‍ എല്ലാവര്‍ക്കും കാണാവുന്ന പോലെ ടീച്ചറുടെ മേശയുടെ പിറകിലെ ഭിത്തിയില്‍ ഇന്ത്യയുടെ ഒരു ഭൂപടം തൂക്കിയിട്ടു. എന്താണ് കാര്യമെന്ന് ഊഹിക്കാമല്ലോ. അന്ന് സാമൂഹ്യശാസ്ത്രം പരീക്ഷയില്‍ ഭൂപടം വരക്കാനുള്ള ചോദ്യം ഒരു ക്ലീഷേ ആയി മാറിയ സമയമാണ്.

എന്നിലെ 'പൗരബോധം' ഉണര്‍ന്നു. "ഇത് സമ്മതിച്ചുകൂടാ!!!" ഞാന്‍ മനസ്സില്‍ തീരുമാനിച്ചു. ടീച്ചര്‍ വന്ന് ചോദ്യപേപ്പര്‍ തന്നതും ഞാന്‍ എണീറ്റ്‌ നിന്ന് പറഞ്ഞു:

"ടീച്ചര്‍, ആ ഇന്ത്യയുടെ മാപ്പ് കഴിഞ്ഞ ദിവസം വരെ ഇവിടെ ഇല്ലായിരുന്നു. ഞങ്ങള്‍ക്ക് മാപ്പ് വരക്കാനുള്ള ചോദ്യവുമുണ്ട്......"

ആരോ മനപ്പൂര്‍വം അതവിടെ ഇട്ടതാണോ എന്നാണ് എന്‍റെ സംശയം എന്നുകൂടി സ്ക്രിപ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും പരീക്ഷാഹോളിലെ ബാക്കി എല്ലാവരും 'ഇവനൊക്കെ ഇതെവിടുന്ന് വരുന്നെടേ!!' എന്ന ഭാവത്തില്‍ എന്നെത്തന്നെ തുറിച്ചുനോക്കുന്നത് കണ്ടപ്പോള്‍ അത് തൊണ്ടയില്‍ തന്നെ കിടന്ന് ശാസം മുട്ടി മരിച്ചു.

എന്തായാലും ടീച്ചര്‍ അത് അപ്പോള്‍ത്തന്നെ അവിടെനിന്ന് എടുത്ത് മാറ്റിച്ചു. ആരുടേയും മുഖത്ത് നോക്കാനുള്ള ധൈര്യം പോലും ഇല്ലാതിരുന്നത് കൊണ്ട് തലകുമ്പിട്ട് ഇരുന്ന് ഞാനാ പരീക്ഷ എഴുതിതീര്‍ത്തു. അന്നത്തെ ഭൂപടം വരക്കാനുള്ള ചോദ്യം പകുതി തെറ്റിക്കുകയും ചെയ്തു. അല്ലെങ്കിലും എനിക്കത് സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. എത്ര പേരുടെ ശാപം കിട്ടിയിട്ടുണ്ടാവും!

സ്കൂളിന്‍റെ പിറകുവശത്ത് കൈകഴുകാന്‍ വേണ്ടിയുള്ള ടാപ്പുകള്‍ ഉള്ള ഒരു സ്ഥലമുണ്ട്. രണ്ട് കെട്ടിടങ്ങളുടെ ഇടയില്‍ ആയതുകൊണ്ട് ഇടുങ്ങിയതും വിജനവുമായ ഒരു സ്ഥലം. പരീക്ഷ ഒക്കെ കഴിഞ്ഞ് ഒരു ദിവസം എങ്ങനെയോ എനിക്ക് ആ വഴി പോകേണ്ടി വന്നു. നോക്കിയപ്പോള്‍ എതിരേ വരുന്നു ആ ചേട്ടന്‍! അന്ന് പരീക്ഷാഹാളില്‍ കഷ്ടപ്പെട്ട് ഭൂപടം തൂക്കിയ അതേ ചേട്ടന്‍!

എന്‍റെ ചങ്ക് പടപടാ ഇടിക്കാന്‍ തുടങ്ങി. തിരിഞ്ഞോടിയാലോ എന്നൊക്കെ തോന്നിയെങ്കിലും അതിനുള്ള ആവതുണ്ടായിരുന്നില്ല. ഞാന്‍ അങ്ങ് നടന്നു. അടുത്തെത്തിയപ്പോള്‍ പുള്ളി എന്‍റെ മുന്നില്‍ വന്ന് നിന്നു. ഞാനിങ്ങനെ കുത്തബ് മിനാര്‍ കാണുന്നപോലെ പുള്ളിയുടെ മുഖത്തേയ്ക്ക് തലയുയര്‍ത്തി നോക്കി. ഇപ്പോ അടി വീഴും, ഞാന്‍ കരുതി. പക്ഷേ, അടി വീണില്ല. "നിന്നെ ഒരിക്കല്‍ ഞാന്‍ എടുത്തോളാം" എന്നൊരു ഡയലോഗ് മാത്രം വന്നു ആ കനത്ത ശബ്ദത്തില്‍. തല്‍ക്കാലം രക്ഷപെട്ട ആവേശത്തില്‍ ഞാന്‍ ജീവനും കൊണ്ട് ഓടി.

അതില്‍ പിന്നെ വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല കോപ്പിയടി മൂലം. പക്ഷേ, അപ്പോഴും കോപ്പിയടിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് മാത്രം തീരുമാനിക്കാന്‍ എന്നെക്കൊണ്ട് കഴിഞ്ഞില്ല. 

കൂട്ടുകാര്‍ പിന്നെയും ഞാന്‍ നന്നായോ എന്ന് ടെസ്റ്റ്‌ ചെയ്യാന്‍ വര്‍ഷാവര്‍ഷം പരീക്ഷയ്ക്ക് മുന്‍പ് കൂട്ടുകാര്‍ പറയും. "നീ ഒന്നും പറഞ്ഞു തരണ്ട. ആ ആന്‍സര്‍ പേപ്പര്‍ ഒന്ന് നൈസായി വെച്ചാല്‍ മതി. ഞാന്‍ നോക്കി എഴുതിക്കോളാം." ഓരോ ക്ലാസും കൂടുന്നതിനൊപ്പം എന്‍റെ തീരുമാനങ്ങളില്‍ ചെറുതായി അയവ് വന്നുതുടങ്ങി. അങ്ങനെ ഒരുവിധത്തില്‍ പ്ലസ്‌ ടു കഴിഞ്ഞു കിട്ടി.

കോളേജില്‍ എത്തിയപ്പോള്‍ പിന്നെ കാണിച്ചുകൊടുത്തില്ലെങ്കില്‍ പരീക്ഷ കഴിയുമ്പോ പിന്നെ തെറി മാത്രമേ കേള്‍ക്കാന്‍ ഒക്കൂ. അങ്ങനെ ഞാന്‍ പല പുതിയ തെറികളും പഠിച്ചു! "നീയെന്താടാ കോപ്പേ ഇങ്ങനെ?" എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഒന്നും പറയാറില്ല. "കോപ്പിയടിക്കുന്നത് തെറ്റാണ്" എന്ന് പറയാന്‍ നിന്നാല്‍ തെറിയുടെ സൈസും നീളവും കൂടും!

പക്ഷേ, കോപ്പിയടിക്കുന്നതില്‍, ആരെയെങ്കിലും കോപ്പിയടിക്കാന്‍ സഹായിക്കുന്നതില്‍ ഒരു നിലപാട് ഉണ്ടായത് ഡിഗ്രി സമയത്ത് തന്നെയാണ്. ആ സമയത്ത് ഞാന്‍ പള്ളിയില്‍ വേദപാഠം പഠിപ്പിക്കുന്നുണ്ടായിരുന്നു. ഒന്നൊന്നരക്കൊല്ലം സൈഡ് ബെഞ്ചില്‍ ഇരുന്ന് ഏതെങ്കിലും ടീച്ചര്‍ വരാത്തപ്പോള്‍ പകരക്കാരനായി പോയി പണി പഠിച്ചപ്പോള്‍ സ്ഥാനക്കയറ്റം കിട്ടി. ഏഴാം ക്ലാസിലെ ക്ലാസ് ടീച്ചര്‍! ആ കുട്ടികളോട് എനിക്കിന്നും ബഹുമാനമാണ്. എന്നെ ഒരു കൊല്ലം സഹിച്ചല്ലോ!

അങ്ങനെ സ്ഥാനക്കയറ്റം കിട്ടയപ്പോള്‍ ഒരു പണി കൂടി കിട്ടി. പരീക്ഷാഹാളിലെ മേല്‍നോട്ടം. ഇതിത്ര പാട് പിടിച്ച പനിയാണെന്ന് അന്നാണ് ഞാന്‍ മനസിലാക്കുന്നത്‌. കോപ്പിയടിക്കാന്‍ സമ്മതിക്കുന്ന ടീച്ചര്‍മാരെയും ഇടയ്ക്കിടെ ഫോണ വിളിക്കാന്‍ വെളിയില്‍ പോകുന്ന സാറുമ്മാറെയും കുട്ടികള്‍ക്ക് മുടിഞ്ഞ ഇഷ്ടമാണ്. പക്ഷേ, മുകളില്‍ നിന്ന് കൃത്യമായ ഓര്‍ഡര്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാനായിട്ട് അങ്ങനെ ഇഷ്ടം പിടിച്ചുപറ്റാന്‍ ശ്രമിച്ചില്ല. എന്നാലും പിള്ളേര്‍ കോപ്പിയടിക്കും. അത് ഒരു സത്യം! പക്ഷേ, എന്‍റെ സ്റ്റാന്‍ഡ് ക്ലിയര്‍ ആയിരുന്നു. അങ്ങനെയും കിട്ടിയിട്ടുണ്ടാവും കുറേ പ്രാക്കുകള്‍.

ഏതായാലും അതിന് ശേഷം കോളേജില്‍ ആരെങ്കിലും 'നീയെന്താടാ കോപ്പേ ഇങ്ങനെ?' എന്ന് ചോദിക്കുമ്പോഴൊക്കെ ഞാന്‍ അഭിമാനപൂര്‍വ്വം പറയും. "ഞാന്‍ പഠിപ്പിക്കുന്ന സ്ഥലത്ത് ആരെയും കോപ്പിയടിക്കാന്‍ ഞാനായിട്ട് സഹായിക്കാറില്ല. അതുകൊണ്ട് എന്‍റെ മനസാക്ഷിയുടെ മുന്നില്‍ (ആഹാ!!) എനിക്ക് തെറ്റുകാരന്‍ ആവാന്‍ താല്‍പര്യമില്ല. ഞാന്‍ കോപ്പിയടിക്കാന്‍ സഹായിക്കില്ല!" 

പക്ഷേ, ആദ്യത്തെ മൗനം തന്നെയായിരുന്നു ഭേദം എന്ന് അന്നാണ് മനസിലായത്. ഞാന്‍ പുതിയ തെറികള്‍ വീണ്ടും പഠിച്ചുകൊണ്ടിരുന്നു!!!

No comments:

Post a Comment