Monday 30 November 2015

ഹോട്ടലാണെന്ന് കരുതി സ്പായില്‍ കയറിയ ചെറുപ്പക്കാരന്‍!



ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്‍റെ കഥ കേട്ടുകേട്ട് അതിലെ കോമഡി പുളിച്ചുതുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷമാദ്യം ഒരു ഹോട്ടല്‍ തപ്പിത്തപ്പി ഒടുവില്‍ ഒരു സ്പായുടെ വാതില്‍ തള്ളിത്തുറന്ന് കയറുന്നത് വരെ ആ കഥ എന്നെങ്കിലും സത്യമാവുമെന്ന് ഞാന്‍ കരുതിയതേയില്ല.

സംഭവം നടക്കുന്നത് ബാംഗ്ലൂരിലാണ്. 'പഠിപ്പ്‌' മതിയാക്കി തിരിച്ചുവരാന്‍ ഒരുങ്ങുന്ന സമയത്ത് ഞാനും എന്‍റെ സുഹൃത്തും കൂടി ഒരു ദിവസം വൈകുന്നേരം പുറത്ത് പോയി ഫുഡ്‌ അടിക്കാന്‍ തീരുമാനിക്കുന്നിടത്താണ് ഈ കഥ തുടങ്ങുന്നത്.

ബാംഗ്ലൂരിലെ ജെ.എന്‍.സി.എ.എസ്.ആര്‍. എന്ന കല്‍പിത സര്‍വകലാശാലയില്‍ ഞാന്‍ പഠിച്ചു എന്ന് രേഖകള്‍ പറയുന്ന പി.ജി.ഡിപ്ലോമ കോഴ്സിന്‍റെ അംഗസംഘ്യ വെറും രണ്ട്! ഞാനും കര്‍ണാടക-ഗോവ അതിര്‍ത്തിഗ്രാമമായ കാര്‍വാറില്‍ നിന്നുള്ള രശ്മി എന്ന പെണ്‍കുട്ടിയും. ആകെ രണ്ടുപേരേ ഉള്ളതുകൊണ്ട് അവിടുള്ള ഇത്തിരി സമയം കൊണ്ട് തന്നെ ഞങ്ങള്‍ മുടിഞ്ഞ കമ്പനിയായി. 

അങ്ങനെ, ഞാന്‍ നാട്ടിലേയ്ക്ക് പോരുന്നതിന് മുന്‍പ് ഞങ്ങള്‍ ഒരു വൈകുന്നേരം പുറത്ത് കറങ്ങാന്‍ പോകാന്‍ തീരുമാനിച്ചു. ഗൂഗിളില്‍ മുങ്ങിത്തപ്പി ഞാന്‍ ഒരു സ്ഥലം കണ്ടുപിടിച്ചു. മ്യൂസിയം റോഡില്‍ ഉള്ള 'THE ONLY PLACE' എന്ന റെസ്റ്ററന്‍റ്. ജക്കൂറില്‍ നിന്ന് പത്ത്-പതിനഞ്ച് കിലോമീറ്റര്‍ ഉണ്ട് അവിടേയ്ക്ക്. ഏതായാലും ഞങ്ങള്‍ പോകാന്‍ തന്നെ തീരുമാനിച്ചു. നല്ല ഫുഡ്‌ കിട്ടുന്ന സ്ഥലങ്ങള്‍ തേടിയുള്ള ഇത്തരം യാത്രകള്‍ അക്കാലത്ത് ഒരു പതിവായിരുന്നു.

ബസിലാണ് അങ്ങോട്ട്‌ പോയത്. ഏകദേശം അടുത്തെവിടെയോ ഇറങ്ങി. ഗൂഗിള്‍ മാപ്പിലെ സ്വൈര്യം തരാത്ത അമ്മച്ചിയുടെ കൃപാകടാക്ഷം കൊണ്ട് അങ്ങനെ ഒരുവിധം ഞങ്ങള്‍ അത് കണ്ടു പിടിക്കുകതന്നെ ചെയ്തു. 



ഒരു ഗേറ്റ് മാത്രമാണ് ആദ്യം കണ്ണില്‍പ്പെട്ടത്. ഗേറ്റില്‍ 'THE ONLY PLACE' എന്നെഴുതിയ ഒരു ചെറിയ ഫ്ലക്സ് ഉള്ളതാണ് കണ്ണില്‍പ്പെടുന്ന ഏക അടയാളം. അകത്തേയ്ക്ക് കിടക്കുന്ന വഴിയേ ഒരു വണ്ടിക്ക് കഷ്ടപ്പെട്ട് കടന്നുപോകാം. പണി പാളിയോ എന്നൊരു തോന്നല്‍ ഉണ്ടാകാതിരുന്നില്ല. അപ്പോഴും റെസ്റ്ററന്‍റ് മൊത്തത്തില്‍ ഞങ്ങളുടെ കണ്ണില്‍ പെട്ടിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. 

എന്തായാലും ഞങ്ങള്‍ അകത്തു കടക്കാന്‍ തന്നെ തീരുമാനിച്ചു. 7 മണിക്കാണ് റെസ്റ്ററന്‍റ് തുറക്കുക. സമയം ആറര ആയിട്ടേയുള്ളൂ. അകത്തുകയറി വെയിറ്റ് ചെയ്യാമെന്നതായിരുന്നു കണക്കുകൂട്ടല്‍. 

അകത്തേയ്ക്കുള്ള വഴിയേ ഇത്തിരി നടന്നപ്പോള്‍  തന്നെ മനസിലായി പുറമേ നിന്ന് കാണുന്നത് പോലെയേയല്ല,  സംഭവം വന്‍ സെറ്റപ്പാണ് എന്ന്. അങ്ങനെ രശ്മിയോട് എന്തോ പറഞ്ഞ് ചിരിച്ച് മുന്നോട്ടു നടന്ന ഞാന്‍ ഒരു ഗ്ലാസ് ഡോറിന്‍റെ മുന്നിലാണ് ചെന്നുനിന്നത്. എന്‍റെ ഇടത്ത് വശത്താണ് ഡോര്‍. ഉള്ളില്‍ നിന്ന് വെളുത്ത ഡോര്‍ കര്‍ട്ടന്‍ ഉള്ളതുകൊണ്ട് ആരെയും കാണാന്‍ പറ്റുന്നില്ല. ഞാന്‍ വളരെ കൂള്‍ ആയി അകത്ത് കയറി. 

രശ്മി ഒപ്പം എത്തിയിട്ടില്ല. എങ്കിലും ഞാന്‍ കയറി. അകത്തു കയറിയതും ഞാന്‍ വണ്ടര്‍ അടിച്ചുപോയി. ഒറ്റ മേശയും കസേരയും ഇല്ല. പയ്യെ ചുറ്റും കണ്ണോടിച്ചപ്പോള്‍ ആദ്യം ഒരു ചെറിയ പെണ്‍കുട്ടിയെയും പിന്നെ 2 മുതിര്‍ന്ന സ്ത്രീകളെയും കണ്ടു. ഒപ്പം രണ്ട് നേപ്പാളി മുഖമുള്ള 'വെയിട്രസ്'മാരും! (അങ്ങനെയല്ലേ വിചാരിക്കാന്‍ തരമുള്ളൂ! ഹോട്ടലാണല്ലോ!!) 

ഒരു ചെറിയ മേശയ്ക്ക് ചുറ്റും ഇത്രയും പേര്‍. അവരെന്നെ അന്താളിപ്പോടെ നോക്കി. എന്നാലും ഓപ്പണിംഗ് സമയം ആയില്ലെന്ന് കരുതി ഇവരെന്തിനാണ് മേശയൊക്കെ ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന സംശയത്തോടെ ഞാനും തിരിച്ചു നോക്കി. 

അറിയാവുന്ന മുറി-കണ്ണടയും ബാക്കി മലയാളവും ചേര്‍ത്ത് "ഹോട്ടല്‍ എപ്പോ തൊറ ബെക്കും?" (തെറിയൊന്നും അല്ലന്നാണ് എന്‍റെയൊരു വിശ്വാസം!) എന്ന് ചോദിക്കാന്‍ പോയതും രശ്മി എന്നെ ഷര്‍ട്ടില്‍ പിടിച്ച് പുറത്തേയ്ക്ക് വലിച്ചിറക്കിയതും ഒന്നിച്ചായിരുന്നു. എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ നില്‍ക്കുന്ന എന്നെ നോക്കി അവള്‍ ആ ഗ്ലാസ് ഡോറിന്‍റെ സൈഡിലെ ബോര്‍ഡിലേയ്ക്ക് വിരല്‍ ചൂണ്ടി ചിരിക്കാന്‍ തുടങ്ങി. ഞാന്‍ അല്‍പ്പം ശബ്ദത്തില്‍ തന്നെ വായിച്ചു: "സ്പാ!!"

പണ്ടാരമടങ്ങാന്‍! ഇവര്‍ക്കിത് വേറെ എവിടെയെങ്കിലും കൊണ്ട് വെച്ചൂടാരുന്നോ!!! ഞാന്‍ ചമ്മി നാറി അവിടെത്തന്നെ നിന്നു. അവളാണെങ്കില്‍ നിര്‍ത്താതെ ചിരിയും. പെട്ടെന്ന് എവിടുന്നൊക്കെയോ കുറെ ലൈറ്റുകള്‍ തെളിഞ്ഞു. ഹോട്ടലിന്‍റെ പേര് എഴുതിയ വലിയ ബോര്‍ഡ് അടക്കം എല്ലാം പ്രകാശിച്ചുനിന്നു. 




ഇവന്മാര്‍ക്ക് ഇതിത്തിരി നേരത്തെ ആയിക്കൂടാരുന്നോ എന്ന് മനസ്സില്‍ പറയുകയല്ലാതെ വേറൊന്നും ചെയ്യാന്‍ നിവൃത്തി ഇല്ലഞ്ഞത് കൊണ്ട് ഞാന്‍ അതില്‍ തൃപ്തിയടഞ്ഞു. എന്നും പറഞ്ഞു ചിരിക്കാന്‍ ഞങ്ങള്‍ക്കൊരു കഥയും കൂടി കിട്ടിയ സന്തോഷം വയറുനിറയെ ഫുഡ്‌ അടിച്ച് ആഘോഷിച്ച്, "ഹോട്ടലും സ്പായും ഒരേ മതില്‍ക്കെട്ടിനുള്ളില്‍ പണിത ആ മഹാന് ദീര്‍ഘായുസ് വരുത്തണേ, ഈശ്വരാ" എന്ന പ്രാര്‍ഥനയോടെ ഞങ്ങള്‍ ബാംഗ്ലൂരിലെ അവസാന കറക്കത്തിന്‍റെ സെക്കണ്ട് ഹാഫ് ആര്‍ഭാടമായി അടിച്ചുപൊളിച്ചു.

Saturday 28 November 2015

ഒരു മാമ്പഴക്കവിതയും കണ്ണുനീരും

"അങ്കണത്തൈമാവില്‍ നി-
ന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നി-
ന്നുതിര്‍ന്നൂ ചുടുകണ്ണീര്‍."

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി മലയാളം പദ്യപാരായണ മത്സരത്തില്‍ പങ്കെടുക്കുന്നത്. സ്കൂള്‍ തലത്തിലാണ് മത്സരം. നാലാം ക്ലാസ് വരെ പ്രസംഗം ആയിരുന്നു എന്‍റെ മുഖ്യ പ്രവര്‍ത്തനമേഖല! അച്ചാച്ചന്‍ നല്ലൊന്നാന്തരം പ്രസംഗങ്ങള്‍ എഴുതിത്തരും. അത് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പഠിച്ച് മനപാഠമാക്കി, ഭാവങ്ങളും മുദ്രകളും ഒക്കെ ആവശ്യത്തിനും അനാവശ്യത്തിനും ഇട്ടുകൊടുത്ത്, സമ്മാനങ്ങള്‍ ഒക്കെ പോക്കറ്റിലാക്കി സമാധാനപരമായി മുന്നോട്ടുപോകുമ്പോഴാണ് ഈ പദ്യപാരായണം മുന്നില്‍ വന്ന് ചാടുന്നത്.

ഞാനായിട്ട് പേര് കൊടുത്തതാണോ അതോ ആരെങ്കിലും ചോദിച്ചപ്പോള്‍ ഞാന്‍ അറിയാതെ യെസ് പറഞ്ഞ് പെട്ടുപോയതാണോ എന്നെനിക്കറിയില്ല. ഏതായാലും ഞാന്‍ കവിത പഠിക്കാന്‍ തന്നെ തീരുമാനിച്ചു. കാര്യം അച്ചാച്ചനോട് അവതരിപ്പിച്ചപ്പോള്‍ പഴയ പുസ്തകഷെല്‍ഫില്‍ നിന്ന് ഒരു ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പോ മറ്റോ എടുത്തുകൊണ്ടുവന്നു.

അതിന്‍റെ ആദ്യത്തെ ഏതാനും താളുകള്‍ക്കുള്ളില്‍ത്തന്നെയുണ്ടായിരുന്നു ആ കശ്മലന്‍ മാമ്പഴം. ക്വിസ് മത്സരത്തിന് പഠിക്കുമ്പോള്‍ സാഹിത്യവിഭാഗത്തില്‍ എവിടെയെങ്കിലും വന്നുപെട്ടാല്‍ അല്ലാതെ വൈലോപ്പിള്ളി എന്നൊക്കെ അന്ന് കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല. ഏതായാലും കവിത കിട്ടി. വൈലോപ്പിള്ളിയുടെ മാമ്പഴം.

ഇനിയാണ് അടുത്ത പ്രശ്നം. അതൊരു ഒന്നൊന്നര പ്രശ്നം ആയിരുന്നു. എങ്ങനെ കവിത ചൊല്ലണം? അതിനും അച്ചാച്ചന്‍ വഴിയുണ്ടാക്കി. മലയാളം അദ്ധ്യാപകനായ അച്ചാച്ചനെ സംബന്ധിച്ചിടത്തോളം ഒരു കവിത ചൊല്ലുകയെന്നത് അത്ര വലിയ പ്രശ്നമൊന്നും ആയിരുന്നില്ല.

കട്ടിലിന്‍റെ ഒരറ്റത്ത് അച്ചാച്ചന്‍. മറ്റേയറ്റത്ത് അമ്മ. നടുവില്‍ ഞാനും. അച്ചാച്ചന്‍ നല്ല ഈണത്തില്‍ കവിത ചൊല്ലാന്‍ തുടങ്ങി. സത്യമായിട്ടും ഇത്രെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നതുകൊണ്ട്‌ ആദ്യ നാല് വരി കേട്ടപ്പോഴേ എന്‍റെ കണ്ണുകള്‍ രണ്ടും അത്ഭുതം കൊണ്ട് വിടര്‍ന്നു. അച്ചാച്ചന്‍ അതിമനോഹരമായി കവിത ചൊല്ലുകയാണ്. ഞാന്‍ കാതുകൂര്‍പ്പിച്ച്‌ കേട്ടുകൊണ്ടിരുന്നു.

പക്ഷേ സീന്‍ മാറാന്‍ അധികം സമയം വേണ്ടിവന്നില്ല. മകനെ നഷ്ടപ്പെട്ട അമ്മയുടെ ദുഖമൊക്കെ വൈലോപ്പിള്ളി വാക്കുകളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത് കേട്ടുതുടങ്ങിയപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയത് ഞാന്‍ പോലും അറിഞ്ഞില്ല.

"മാങ്കനി വീഴാന്‍ കാത്തു
നില്‍ക്കാതെ മാതാവിന്‍റെ
പൂങ്കുയില്‍ കൂടും വിട്ടു
പരലോകത്തെ പുല്‍കി"

കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകിത്തുടങ്ങിയത് വകവയ്ക്കാതെ തുടച്ചുമാറ്റി, അടുത്ത വരികള്‍ക്കായി ഞാന്‍ ശ്രദ്ധയോടെ കാത്തിരുന്നു.

"തന്നുണ്ണിക്കിടാവിന്‍റെ
താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു
മന്ദമായി ഏവം ചൊന്നാള്‍,

ഉണ്ണിക്കൈക്കെടുക്കുവാന്‍
ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീമാമ്പഴം
വാസ്തവമറിയാതെ."

ഞാന്‍ അമ്മയെ ഒളികണ്ണിട്ടു നോക്കിയപ്പോള്‍ അമ്മ എന്നെത്തന്നെ നോക്കിയിരിക്കുന്നു. അമ്മയുടെ കണ്ണും നിറഞ്ഞിട്ടുണ്ട്‌. എന്നാല്‍, അമ്മയുടെ കണ്ണ് നിറഞ്ഞത്‌ കവിതയിലെ ഉണ്ണിക്ക് വേണ്ടിയായിരുന്നില്ലയെന്ന്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട്.

പിണങ്ങിപോയീടിലും
പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ
ഉണ്ണുവാന്‍ വരാറില്ലേ

ഈ ഭാഗമൊക്കെ ആയപ്പോള്‍ എന്‍റെ കണ്ണില്‍നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുവാന്‍ തുടങ്ങി. ഞാന്‍ അമ്മയുടെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു.

വരിക കണ്ണാൽ കാണാ‍ൻ
വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും
തായ തൻ നൈവേദ്യം നീ

ഒരു തൈകുളിർക്കാറ്റാ-
യരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ
അമ്മയെ ആശ്ലേഷിച്ചു.

അച്ചാച്ചന്‍ ചൊല്ലിനിര്‍ത്തിയതും എന്‍റെ സകല കണ്‍ട്രോളും പോയെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഞാന്‍ കട്ടിലില്‍ മുഖമമര്‍ത്തി കമിഴ്ന്നുകിടന്ന് കരയാന്‍ തുടങ്ങി. അച്ചാച്ചനും അമ്മയും ഏതാണ്ടൊക്കെ പറയുന്നുണ്ടെങ്കിലും എനിക്കൊന്നും കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ അവരെന്നെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ഞാന്‍ പറയുന്നുണ്ടായിരുന്നു,

"എനിക്കൊന്നുമില്ല. ഞാന്‍ കരയുകയൊന്നുമല്ല."

എന്ന്. അവസാനം എണീറ്റ്‌ അച്ചാച്ചന്‍റെയും അമ്മയുടെയും മുഖത്ത് നോക്കിയപ്പോള്‍ എനിക്ക് മുടിഞ്ഞ നാണം. ഞാനാണല്ലോ മൂത്ത സന്തതി. ഞാന്‍ ഇങ്ങനെ കരയുന്നത് മോശമല്ലേ! അവരാണെങ്കില്‍ എന്നെ നോക്കി ചിരിക്കുകേം ചെയ്യുന്നു. എനിക്കും ചിരിപൊട്ടി. ഞാന്‍ ഒരേ സമയം ചിരിക്കാനും കരയാനും തുടങ്ങി. കാരണം കണ്ണുനീര്‍ ഓഫ് ചെയ്യാനുള്ള സൂത്രപ്പണിയൊന്നും എനിക്കറിയൂല്ലല്ലോ.

അന്ന് തുടങ്ങി എവിടെ ഈ കവിത കേട്ടാലും, എന്തിന് എവിടെയെങ്കിലും വൈലോപ്പിള്ളി എന്നോ മാമ്പഴം എന്നോ കേട്ടാല്‍ പോലും, എനിക്കീ സംഭവം ഓര്‍മ വരും. അന്ന് എന്‍റെ കുഞ്ഞുമനസിനെ വൈലോപ്പിള്ളി സ്പര്‍ശിച്ച അത്രയും പിന്നീടൊരു കവിതയും കവിയും തൊട്ടിട്ടില്ല.

വാല്‍ക്കഷ്ണം : കരച്ചില്‍ സെഷന്‍ ഒക്കെ കഴിഞ്ഞ് ഞാന്‍ കവിത പാടി പഠിക്കുവാന്‍ തുടങ്ങി. അങ്ങനെ ഒരുവിധം മനപാഠമാക്കി വന്നപ്പോഴേക്കും മത്സരദിവസം വന്നു. അന്നൊക്കെ ഞാന്‍ ടെന്‍ഷന്‍റെ ഉസ്താദാണ്‌. ഒരുവിധം ധൈര്യം സംഭരിച്ച് മാര്‍ക്കിടാന്‍ ഇരിക്കുന്ന ടീച്ചര്‍മാരുടെ മുന്നില്‍ എത്തിയപ്പോഴേക്കും എന്‍റെ എല്ലാ ധൈര്യവും പോയി. ആദ്യത്തെ കുറേ വരികള്‍, താരതമ്യേനെ എളുപ്പമുള്ള വരികള്‍, കഴിഞ്ഞപ്പോള്‍ ഒന്നും ഓര്‍മ കിട്ടാതെയായി. ഒടുക്കം മുഴുവന്‍ പൂര്‍ത്തിയാക്കാതെ ഞാന്‍ നന്ദി നമസ്കാരം പറഞ്ഞു. അന്ന് പാടിത്തീര്‍ക്കാഞ്ഞതില്‍ അപ്പോള്‍ വിഷമമൊന്നും തോന്നിയിരുന്നില്ല. പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞ് തോന്നിയപ്പോഴേയ്ക്കും ശബ്ദം ബാല്യത്തിന്‍റെ നനുനനുപ്പ് വിട്ട് കൗമാരത്തിന്‍റെ കനകനപ്പില്‍ എത്തിയിരുന്നു.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ നന്നായി എന്ന് തോന്നുന്നു. മകന് കൊടുക്കാന്‍ പറ്റാതെ പോയ മാമ്പഴവുമായി അവനെ അടക്കിയ മണ്ണിന് മുന്നില്‍ നിസഹായയായി നിന്നുപോയ ആ അമ്മയെപ്പോലെ, ഞാനും, പാടി മുഴുമിക്കുവാന്‍ ആവാത്ത കവിതയുമായി എന്‍റെ ഗതകാലസ്മരണകളുടെ കുഴിമാടത്തിന് മുന്നില്‍ ഇതാ, ഇങ്ങനെ നില്‍ക്കുന്നു. കടന്നുപോയവയുടെ സൗരഭ്യത്തിന്‍റെ അവശേഷിപ്പുകളും പേറി ഒരു കുളിര്‍ക്കാറ്റെങ്കിലും എത്തുമെന്ന പ്രതീക്ഷയോടെ!

Thursday 26 November 2015

പനിപിടിച്ച സ്വപ്നങ്ങള്‍

പനി പിടിച്ചിരിക്കുന്നത് കാരണം എഴുതാന്‍ ഇരിക്കുമ്പോഴേ പനിയാണ് മനസ്സില്‍ എത്തുക. ഇന്നത്തെ സ്ഥിതിയും വ്യത്യസ്തമല്ല. 

സാധാരണ പനി പിടിച്ചുകഴിഞ്ഞാല്‍ ഏറ്റവും പ്രയാസം അനുഭവപ്പെടുക ശരിയായി ഉറങ്ങാനാണ്. എങ്ങനെയെങ്കിലും ഒന്ന് ഉറങ്ങിയിട്ട് ഇടയ്ക്കൊന്ന് എണീറ്റ്‌ പോയാലോ, പിന്നത്തെ അവസ്ഥ മഹാകഷ്ടം തന്നെ.

എന്നാല്‍, ഇത്തവണത്തെ പനി അതിലും കുറച്ച് വെറൈറ്റിയുമായിട്ടാണ് എത്തിയത്. പകലും രാത്രിയും എന്ന വ്യത്യാസമില്ലാതെ നന്നായി ഉറങ്ങാന്‍ പറ്റുന്നുണ്ട്. പക്ഷേ, ഹൈലൈറ്റ് അതല്ല. മൂന്ന്‍ മണിക്കൂറില്‍ അധികം ഒറ്റയടിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല. എന്നാല്‍, തിരികെ ഉറക്കത്തിലേയ്ക്ക് പോകാന്‍ യാതൊരു വിധ പ്രശ്നവും അനുഭവപ്പെടുന്നുമില്ല. എന്താല്ലേ!

ഇതിനിടയ്ക്ക് കിടിലന്‍ സ്വപ്നങ്ങളുമുണ്ട്. എന്താണ് സ്വപ്നം കണ്ടതെന്ന് ചോദിക്കരുത്. ഓര്‍മയില്ല. ബോധാമുള്ളപ്പോ പറയുന്നതോ ചെയ്യുന്നതോ പോലും ശരിയായി ഓര്‍ത്തുവെയ്ക്കാന്‍ പറ്റുന്നില്ല. അപ്പോഴാണ്‌ സ്വപ്‌നങ്ങള്‍!

പക്ഷേ, ഒരു കാര്യം മാത്രം അറിയാം. എല്ലാം കിടു സ്വപ്നങ്ങള്‍ ആയിരുന്നു. എല്ലാ സ്വപ്നങ്ങള്‍ക്കും ഒരു കോമണ്‍ തീം ഉണ്ടായിരുന്നു. ഒരു പ്രത്യേക ടാസ്ക് പൂര്‍ത്തിയാക്കുക എന്നതുപോലെ. ഞാന്‍ തന്നെയായിരുന്നു നായകന്‍ എന്ന് പ്രത്യേകം പറയേണ്ടല്ലോ.

ഓരോ ഭാഗവും തീരുമ്പോള്‍ ആണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് എണീക്കുക. വീണ്ടും കിടക്കുമ്പോള്‍ അടുത്ത ഭാഗം തുടങ്ങും. നാലമാത്തെ ഭാഗം മാത്രം എനിക്കങ്ങോട്ട് ബോധിച്ചില്ല. തുടര്‍സിനിമകള്‍ ഉണ്ടാവുന്ന ഒരു ഫിലിം സീരിസ് ആണ് എന്‍റെ സ്വപ്നമെന്നും അത് ബോര്‍ ആയിത്തുടങ്ങിയെന്നും എനിക്ക് തോന്നിയതും ഇതേ നാലാം ഭാഗത്താണ്. 

അതുകൊണ്ട് നാലാമത്തെ ഭാഗത്തിന് ശേഷം അല്‍പ്പം സമയമെടുത്തിട്ടാണ് ഞാന്‍ കിടന്നത്. നേരത്തെ പ്ലാന്‍ ചെയ്തു കണ്ടതുകൊണ്ടാവും അഞ്ചാമത്തെ ഭാഗം തകര്‍ത്തടുക്കി. ഇത്രേം നല്ല സ്വപ്നം ഞാന്‍ എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുണ്ടാവില്ല.

ഇപ്പോഴും എന്നെ കുഴക്കുന്ന പ്രശ്നം ഇതൊന്നുമല്ല. ഇത്രയുമൊക്കെ ഡീറ്റെയില്‍സ് ഓര്‍ത്തിരിക്കാമെങ്കില്‍ എന്തുകൊണ്ട് ആ സ്വപ്നം കൂടി ഓര്‍ത്തിരുന്നുകൂടാ??? 

ചിലപ്പോ നല്ലതിനാവും. ചിലപ്പോ ഒരേ സ്വപ്നം തന്നെയാവും ഞാന്‍ പിന്നെയും പിന്നെയും കാണുന്നത്. അത് ഓര്‍മയില്‍ നില്‍ക്കാത്തത് കൊണ്ട് ആവര്‍ത്തനവിരസത ഒഴിവാകുമല്ലോ.

വാല്‍ക്കഷ്ണം : ഞാന്‍ ഇതിങ്ങനെ പനിയെപ്പറ്റി എഴുതിയെഴുതി ഒടുക്കം ബ്ലോഗിന്‍റെ പേര് "എന്‍റെ പനിക്കഥകള്‍" എന്നാക്കേണ്ടി വരുമോ എന്തോ!!!

പനിയും ഞാനും പിന്നെ എഫ്.എം. റേഡിയോയും

കാര്യം നാട്ടിലെങ്ങും പാട്ടായിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഞാന്‍ എഫ്.എം. റേഡിയോ സ്വന്തം ഇഷ്ടപ്രകാരം കേള്‍ക്കുന്ന ഒരേയൊരു അവസരമേയുള്ളൂ. പനി പിടിക്കുമ്പോള്‍! വേറെ ആരുടെയെങ്കിലും ഒപ്പം വണ്ടിയില്‍ യാത്ര ചെയ്യുമ്പോഴോ മുടി വെട്ടാന്‍ ഇരുന്ന് കൊടുക്കുമ്പോഴോ കേള്‍ക്കേണ്ടി വരാറുണ്ട് എങ്കിലും അതൊന്നും എന്‍റെ താല്‍പര്യപ്രകാരം അല്ലല്ലോ. അപ്പോ എന്താണ് പനിയും എഫ്.എം. റേഡിയോയും തമ്മിലുള്ള ആ അവിഹിത ബന്ധം???

പനി പിടിച്ചാല്‍ ആദ്യം പണി കിട്ടുക കണ്ണുകള്‍ക്കായിരിക്കും. ഒന്നും വായിക്കാന്‍ വയ്യ, സിനിമ കാണാന്‍ വയ്യ, ഗെയിം കളിക്കാന്‍ വയ്യ. അതായത് പൊതുവില്‍ ഞാന്‍ സമയം കളയാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ ഈ നശിച്ച പനി തമ്മസിക്കില്ല എന്നര്‍ത്ഥം.

പിന്നെ ചെയ്യാവുന്ന കാര്യം പാട്ട് കേള്‍ക്കലാണ്. ബാംഗ്ലൂരില്‍ താമസിച്ചിരുന്ന സമയത്ത് യാത്രയ്ക്കിടെ കേള്‍ക്കാന്‍ വേണ്ടി മാത്രമായി ഏതാനും പാട്ടുകള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. അവിടം വിട്ടപ്പോള്‍ ആ പരിപാടിയും നിന്നു. പുതിയ പാട്ടുകള്‍ എല്ലാം കേള്‍ക്കുമെങ്കിലും അവ യൂട്യൂബില്‍ നിന്നാവും സ്ഥിരം കേള്‍ക്കുക. അപ്പോള്‍പ്പിന്നെ പനി പിടിക്കുമ്പോള്‍ പാട്ട് കേള്‍ക്കണമെങ്കില്‍ നോ രക്ഷ.

അവിടെയാണ് എഫ്.എം. എന്‍റെ രക്ഷകനാകുന്നത്. കട്ടിലില്‍ കിടക്കുമ്പോ അടുത്തുകിടന്ന് അവനിങ്ങനെ പാടിക്കൊണ്ടിരിക്കും. ഇടയ്ക്ക് റെയില്‍വേ അനൗണ്‍സ്മെന്‍റ് പോലെയുള്ള പരസ്യങ്ങളും റേഡിയോ ജോക്കികളുടെ കലപില വര്‍ത്തമാനങ്ങളും സഹിക്കണം എന്നേയുള്ളൂ. പഴയ പാട്ടുകള്‍, പുതിയ പാട്ടുകള്‍, ഹിന്ദി പാട്ടുകള്‍, തമിഴ് പാട്ടുകള്‍ എന്നിങ്ങനെ ഈ ദുനിയാവില്‍ ഉള്ള ഏത് തരം പാട്ടും അവരിങ്ങനെ കേള്‍പ്പിച്ചുകൊണ്ടേയിരിക്കും. സുഖം പരിപാടിയല്ലേ! 

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും പണി കഴിഞ്ഞാല്‍ പിന്നെ കൂരായണ എന്നതാണ് എഫ്.എം. ന്‍റെ വിധി. അത് മനസിലാക്കാനുള്ള കഴിവ് ഫോണിന് ഇല്ലാത്തത് കൊണ്ട് പിണക്കങ്ങളും പരിഭവങ്ങളും ഇല്ലാതെ അതിങ്ങനെ പാടുന്നു. പാടിക്കൊണ്ടേയിരിക്കുന്നു.

Wednesday 25 November 2015

കുഞ്ഞുകുഞ്ഞ് പൊങ്ങച്ചങ്ങളും അനന്തരഫലങ്ങളും

കഴിഞ്ഞ ആഴ്ച അമലിന് പനി പിടിച്ച്, അതിന്‍റെ ഹാങ്ങ്‌ഓവറില്‍ നാശമായി നില്‍ക്കുമ്പോള്‍ ഞാന്‍ അവനോട് പറഞ്ഞു: "നിനക്കറിയാമോ എനിക്ക് ഇവിടെ വന്നിട്ട് ഇതുവരെ പനി പിടിച്ചിട്ടില്ല!. എത്ര തവണ മഴ നനഞ്ഞു! എത്ര തവണ വിയര്‍പ്പ് താണു! നാട്ടിലായിരുന്നെങ്കില്‍ ഇത്രയും നാളുകള്‍ക്കുള്ളില്‍ ഒരു രണ്ട് തവണയെങ്കിലും പനി പിടിച്ചേനെ!!!"

ഒരു പഞ്ച് കിട്ടാന്‍ സ്ഥിരം അടിക്കുന്ന ഡയലോഗ് ആണെങ്കിലും പറഞ്ഞു കഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നു എന്നൊരു തോന്നല്‍. കഴിഞ്ഞ തവണ ഇതേ ഡയലോഗ് പറഞ്ഞത് ബാംഗ്ലൂര്‍ ആയിരുന്നപ്പോഴാണ്. അന്നും ഇത് തന്നെ സംഭവം. ഡയലോഗ് അല്‍പ്പം പഞ്ച് കൂട്ടിപ്പറഞ്ഞത്‌ കൊണ്ടാണോ എന്തോ, കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ നല്ല കിടിലന്‍ പനി. ഒറ്റയ്ക്ക് ആയിരുന്നകൊണ്ട് വെള്ളം ചൂടാക്കാനും ചുക്ക് കാപ്പി ഇടാനുമെല്ലാം എണീറ്റ്‌ നടന്ന് ആ പനി അധികം പണിയുണ്ടാക്കാതെ മാറിക്കിട്ടി.

ഇത്രേം ഓര്‍ത്തെടുക്കാന്‍ അധികം സമയം വേണ്ടായിരുന്നത് കൊണ്ട് ഞാന്‍ ഉടന്‍ തന്നെ അടുത്ത ഡയലോഗ് വിട്ടു. "പണ്ടിങ്ങനെ ഒന്ന് അഹങ്കാരം പറഞ്ഞിട്ട് പണി കിട്ടിയ അനുഭവം ഉള്ളതാ. മിക്കവാറും അടുത്ത ആഴ്ച ഞാനും പനി പിടിച്ചു കിടക്കുന്നുണ്ടാവും!" 

ദാ, ഇപ്പൊ സംഗതി സത്യമായി. ശരിക്കും ഞാന്‍ പൊങ്ങച്ചം പറഞ്ഞത് കൊണ്ട് "ഇവനിപ്പൊ അങ്ങനെ സുഖിക്കണ്ട!" എന്ന് കരുതി പനി പണി തന്നതാണോ അതോ പനി വരുന്നതിന് കൃത്യം ഒരാഴ്ച മുന്നേ എനിക്ക് പൊങ്ങച്ചം പറയണം എന്ന് തോന്നിയതാണോ, എന്നെനിക്കറിയില്ല. 

ദൈവദോഷം പറഞ്ഞാല്‍ നാക്ക് പുഴുത്തുപോകും എന്ന പഴയ അമ്മാമ്മ ലൈനില്‍ ഇനി പനിദൈവങ്ങള്‍ പണി തന്നതാണോ? എന്ത് തേങ്ങയാണെങ്കിലും എന്‍റെ ഉറക്കത്തിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായിക്കിട്ടി. 

അറിവില്ലാപൈതങ്ങളാണേ, ചെയ്ത തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണേ. പനിദൈവങ്ങളേ, മാപ്പ്! ലേലു അല്ലു ലേലു അല്ലു ലേലു അല്ലു

Monday 23 November 2015

മട്ടുപ്പാവിലെ തണുപ്പില്‍ ആകാശവും മേഘങ്ങളും എന്നോട് പറയുന്നത്

വളരെക്കാലങ്ങള്‍ക്ക് ശേഷം ഇന്നലെ രാത്രിയാണ് മതിവരുവോളം ആകാശം കണ്ടത്. ഇതിനുമുന്‍പ് ഇങ്ങനെ, ഒരു വാന്‍ഗോഗ് ചിത്രം പോലെ, ആകാശം കണ്ണെടുക്കാതെ കണ്ടിട്ടുള്ളത് ഒന്നൊന്നര വര്‍ഷം മുന്‍പാണ്. അന്ന് ബാംഗ്ലൂരിലെ രണ്ടാം നിലയിലെ ഒറ്റമുറികൂട്ടില്‍ നിന്നും സന്ധ്യ മയങ്ങേണ്ട താമസം മുകളില്‍ ടെറസിലേയ്ക്ക് പോകുന്നത് ഒരു പതിവായിരുന്നു. ഒരു കപ്പ് ചൂട് കാപ്പിയുമായി അങ്ങനെ നേരമിരുളുന്നത് നോക്കി നില്‍ക്കും. 

പിന്നെ രാത്രി ഏറെ വൈകി ഒരു പോക്കുണ്ട്, നന്നേ തണുപ്പ് പിടിച്ചു കഴിയുമ്പോള്‍. ടെറസിലെ പൊടിയെ വകവെയ്ക്കാതെ മലര്‍ന്നങ്ങനെ കിടക്കും. മേഘങ്ങള്‍ ഇങ്ങനെ ഓടിമറയുന്നത് നോക്കിക്കിടക്കുമ്പോള്‍ തോന്നും അവ അനങ്ങാതെ നില്‍ക്കുകയും ഞാനിങ്ങനെ ഒഴുകി നടക്കുകയുമാണെന്ന്. ആ കിടപ്പില്‍ ചിലപ്പോള്‍ ഉറക്കത്തില്‍ വീണുപോവുകയും ചെയ്യും. പിന്നെ തണുപ്പ് അസ്ഥിക്ക് പിടിക്കുമ്പോഴാണ് എണീക്കുക. വെളുപ്പിനെ രണ്ടു മണിക്കും മൂന്ന്‍ മണിക്കുമൊക്കെ. 

അവിടം വിട്ടുപോരുമ്പോള്‍ ഏറെ നഷ്ടബോധം തോന്നിയതും ആ മട്ടുപ്പാവ് ജീവിതത്തെക്കുറിച്ച് തന്നെയാണ്. (മട്ടുപ്പാവ് എന്ന വാക്ക് ടെറസിന് പകരമായി ഉപയോഗിക്കാന്‍ ഇപ്പോഴും ഒരു ചെറിയ ബുദ്ധിമുട്ടുണ്ട്. കൊട്ടരത്തിനല്ലേ മട്ടുപ്പാവ് ഉണ്ടാകൂ, സാധാരണക്കാരന് ആ പ്രയോഗം തന്നെ ഒരു ആഡംബരം അല്ലേ എന്നതാണ് സംശയം. എങ്കിലും കിട്ടിയ ഭാഗ്യങ്ങളെക്കുറിച്ച് മനസുനിറയെ സന്തോഷവും വഴുതിപ്പോയവയെപ്പറ്റി അതിലേറെ സന്തോഷവും ഉള്ളവന് അല്‍പ്പം ആഡംബരവും ആര്‍ഭാടവും ഒക്കെ ആകാം എന്ന ന്യായത്തില്‍ അതങ്ങനെ തന്നെ ഇരിക്കട്ടെ!)

എന്‍റെ ജീവിതം മുഴുവന്‍ ചുറ്റിത്തിരിഞ്ഞിരുന്നത് ആ മട്ടുപ്പാവിനെ കേന്ദ്രീകരിച്ചായിരുന്നു. അപൂര്‍വമായി ആണെങ്കിലും എത്തുന്ന സന്ദര്‍ശകരെ അഹങ്കാരത്തോടെ കൂട്ടിക്കൊണ്ടുപോകുവാനും ഒട്ടേറെ ഫോണ്‍വിളികള്‍ക്ക് നിശബ്ദസാന്നിധ്യമാകുവാനും ഒറ്റയ്ക്കിരിക്കണമെന്ന് തോന്നിയപ്പോഴൊക്കെ ശല്യമുണ്ടാക്കാതെ സമ്മതിച്ചുതരാനുമെല്ലാം അങ്ങനെ എനിക്കൊരു മട്ടുപ്പാവ് സ്വന്തമായി ഉണ്ടായിരുന്നു. 

കേരളത്തിന്‍റെ കൊച്ചു തലസ്ഥാനനഗരിയോട് ചേര്‍ന്ന് താമസം തുടങ്ങിയിട്ട് മൂന്ന് മാസങ്ങള്‍ കഴിഞ്ഞ് അപ്രതീക്ഷിതമായി വീണ്ടുമൊരു മട്ടുപ്പാവ് കൂടി എനിക്ക് സ്വന്തമാവുകയാണ്. അവിടെ നിന്ന് എനിക്കിനിയും മതിവരുവോളം ആകാശം കാണണം. മേഘങ്ങള്‍ പറയുന്ന കഥകള്‍ കേള്‍ക്കണം. അവ പകര്‍ത്തിയെഴുതണം. 

N.B.: ഒരേ വാക്യം തന്നെ മുറിച്ചെഴുതാന്‍ തോന്നുമ്പോള്‍ അതിനെ കവിതയെന്നും ഒന്നിച്ചെഴുതുമ്പോള്‍ കഥയെന്നും വിളിക്കും ഞാന്‍. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അനുവാദം ഉണ്ടായിരിക്കുന്നതല്ല.