Saturday, 28 November 2015

ഒരു മാമ്പഴക്കവിതയും കണ്ണുനീരും

"അങ്കണത്തൈമാവില്‍ നി-
ന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നി-
ന്നുതിര്‍ന്നൂ ചുടുകണ്ണീര്‍."

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി മലയാളം പദ്യപാരായണ മത്സരത്തില്‍ പങ്കെടുക്കുന്നത്. സ്കൂള്‍ തലത്തിലാണ് മത്സരം. നാലാം ക്ലാസ് വരെ പ്രസംഗം ആയിരുന്നു എന്‍റെ മുഖ്യ പ്രവര്‍ത്തനമേഖല! അച്ചാച്ചന്‍ നല്ലൊന്നാന്തരം പ്രസംഗങ്ങള്‍ എഴുതിത്തരും. അത് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പഠിച്ച് മനപാഠമാക്കി, ഭാവങ്ങളും മുദ്രകളും ഒക്കെ ആവശ്യത്തിനും അനാവശ്യത്തിനും ഇട്ടുകൊടുത്ത്, സമ്മാനങ്ങള്‍ ഒക്കെ പോക്കറ്റിലാക്കി സമാധാനപരമായി മുന്നോട്ടുപോകുമ്പോഴാണ് ഈ പദ്യപാരായണം മുന്നില്‍ വന്ന് ചാടുന്നത്.

ഞാനായിട്ട് പേര് കൊടുത്തതാണോ അതോ ആരെങ്കിലും ചോദിച്ചപ്പോള്‍ ഞാന്‍ അറിയാതെ യെസ് പറഞ്ഞ് പെട്ടുപോയതാണോ എന്നെനിക്കറിയില്ല. ഏതായാലും ഞാന്‍ കവിത പഠിക്കാന്‍ തന്നെ തീരുമാനിച്ചു. കാര്യം അച്ചാച്ചനോട് അവതരിപ്പിച്ചപ്പോള്‍ പഴയ പുസ്തകഷെല്‍ഫില്‍ നിന്ന് ഒരു ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പോ മറ്റോ എടുത്തുകൊണ്ടുവന്നു.

അതിന്‍റെ ആദ്യത്തെ ഏതാനും താളുകള്‍ക്കുള്ളില്‍ത്തന്നെയുണ്ടായിരുന്നു ആ കശ്മലന്‍ മാമ്പഴം. ക്വിസ് മത്സരത്തിന് പഠിക്കുമ്പോള്‍ സാഹിത്യവിഭാഗത്തില്‍ എവിടെയെങ്കിലും വന്നുപെട്ടാല്‍ അല്ലാതെ വൈലോപ്പിള്ളി എന്നൊക്കെ അന്ന് കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല. ഏതായാലും കവിത കിട്ടി. വൈലോപ്പിള്ളിയുടെ മാമ്പഴം.

ഇനിയാണ് അടുത്ത പ്രശ്നം. അതൊരു ഒന്നൊന്നര പ്രശ്നം ആയിരുന്നു. എങ്ങനെ കവിത ചൊല്ലണം? അതിനും അച്ചാച്ചന്‍ വഴിയുണ്ടാക്കി. മലയാളം അദ്ധ്യാപകനായ അച്ചാച്ചനെ സംബന്ധിച്ചിടത്തോളം ഒരു കവിത ചൊല്ലുകയെന്നത് അത്ര വലിയ പ്രശ്നമൊന്നും ആയിരുന്നില്ല.

കട്ടിലിന്‍റെ ഒരറ്റത്ത് അച്ചാച്ചന്‍. മറ്റേയറ്റത്ത് അമ്മ. നടുവില്‍ ഞാനും. അച്ചാച്ചന്‍ നല്ല ഈണത്തില്‍ കവിത ചൊല്ലാന്‍ തുടങ്ങി. സത്യമായിട്ടും ഇത്രെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നതുകൊണ്ട്‌ ആദ്യ നാല് വരി കേട്ടപ്പോഴേ എന്‍റെ കണ്ണുകള്‍ രണ്ടും അത്ഭുതം കൊണ്ട് വിടര്‍ന്നു. അച്ചാച്ചന്‍ അതിമനോഹരമായി കവിത ചൊല്ലുകയാണ്. ഞാന്‍ കാതുകൂര്‍പ്പിച്ച്‌ കേട്ടുകൊണ്ടിരുന്നു.

പക്ഷേ സീന്‍ മാറാന്‍ അധികം സമയം വേണ്ടിവന്നില്ല. മകനെ നഷ്ടപ്പെട്ട അമ്മയുടെ ദുഖമൊക്കെ വൈലോപ്പിള്ളി വാക്കുകളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത് കേട്ടുതുടങ്ങിയപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയത് ഞാന്‍ പോലും അറിഞ്ഞില്ല.

"മാങ്കനി വീഴാന്‍ കാത്തു
നില്‍ക്കാതെ മാതാവിന്‍റെ
പൂങ്കുയില്‍ കൂടും വിട്ടു
പരലോകത്തെ പുല്‍കി"

കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകിത്തുടങ്ങിയത് വകവയ്ക്കാതെ തുടച്ചുമാറ്റി, അടുത്ത വരികള്‍ക്കായി ഞാന്‍ ശ്രദ്ധയോടെ കാത്തിരുന്നു.

"തന്നുണ്ണിക്കിടാവിന്‍റെ
താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു
മന്ദമായി ഏവം ചൊന്നാള്‍,

ഉണ്ണിക്കൈക്കെടുക്കുവാന്‍
ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീമാമ്പഴം
വാസ്തവമറിയാതെ."

ഞാന്‍ അമ്മയെ ഒളികണ്ണിട്ടു നോക്കിയപ്പോള്‍ അമ്മ എന്നെത്തന്നെ നോക്കിയിരിക്കുന്നു. അമ്മയുടെ കണ്ണും നിറഞ്ഞിട്ടുണ്ട്‌. എന്നാല്‍, അമ്മയുടെ കണ്ണ് നിറഞ്ഞത്‌ കവിതയിലെ ഉണ്ണിക്ക് വേണ്ടിയായിരുന്നില്ലയെന്ന്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട്.

പിണങ്ങിപോയീടിലും
പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ
ഉണ്ണുവാന്‍ വരാറില്ലേ

ഈ ഭാഗമൊക്കെ ആയപ്പോള്‍ എന്‍റെ കണ്ണില്‍നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകുവാന്‍ തുടങ്ങി. ഞാന്‍ അമ്മയുടെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു.

വരിക കണ്ണാൽ കാണാ‍ൻ
വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും
തായ തൻ നൈവേദ്യം നീ

ഒരു തൈകുളിർക്കാറ്റാ-
യരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ
അമ്മയെ ആശ്ലേഷിച്ചു.

അച്ചാച്ചന്‍ ചൊല്ലിനിര്‍ത്തിയതും എന്‍റെ സകല കണ്‍ട്രോളും പോയെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഞാന്‍ കട്ടിലില്‍ മുഖമമര്‍ത്തി കമിഴ്ന്നുകിടന്ന് കരയാന്‍ തുടങ്ങി. അച്ചാച്ചനും അമ്മയും ഏതാണ്ടൊക്കെ പറയുന്നുണ്ടെങ്കിലും എനിക്കൊന്നും കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ അവരെന്നെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ഞാന്‍ പറയുന്നുണ്ടായിരുന്നു,

"എനിക്കൊന്നുമില്ല. ഞാന്‍ കരയുകയൊന്നുമല്ല."

എന്ന്. അവസാനം എണീറ്റ്‌ അച്ചാച്ചന്‍റെയും അമ്മയുടെയും മുഖത്ത് നോക്കിയപ്പോള്‍ എനിക്ക് മുടിഞ്ഞ നാണം. ഞാനാണല്ലോ മൂത്ത സന്തതി. ഞാന്‍ ഇങ്ങനെ കരയുന്നത് മോശമല്ലേ! അവരാണെങ്കില്‍ എന്നെ നോക്കി ചിരിക്കുകേം ചെയ്യുന്നു. എനിക്കും ചിരിപൊട്ടി. ഞാന്‍ ഒരേ സമയം ചിരിക്കാനും കരയാനും തുടങ്ങി. കാരണം കണ്ണുനീര്‍ ഓഫ് ചെയ്യാനുള്ള സൂത്രപ്പണിയൊന്നും എനിക്കറിയൂല്ലല്ലോ.

അന്ന് തുടങ്ങി എവിടെ ഈ കവിത കേട്ടാലും, എന്തിന് എവിടെയെങ്കിലും വൈലോപ്പിള്ളി എന്നോ മാമ്പഴം എന്നോ കേട്ടാല്‍ പോലും, എനിക്കീ സംഭവം ഓര്‍മ വരും. അന്ന് എന്‍റെ കുഞ്ഞുമനസിനെ വൈലോപ്പിള്ളി സ്പര്‍ശിച്ച അത്രയും പിന്നീടൊരു കവിതയും കവിയും തൊട്ടിട്ടില്ല.

വാല്‍ക്കഷ്ണം : കരച്ചില്‍ സെഷന്‍ ഒക്കെ കഴിഞ്ഞ് ഞാന്‍ കവിത പാടി പഠിക്കുവാന്‍ തുടങ്ങി. അങ്ങനെ ഒരുവിധം മനപാഠമാക്കി വന്നപ്പോഴേക്കും മത്സരദിവസം വന്നു. അന്നൊക്കെ ഞാന്‍ ടെന്‍ഷന്‍റെ ഉസ്താദാണ്‌. ഒരുവിധം ധൈര്യം സംഭരിച്ച് മാര്‍ക്കിടാന്‍ ഇരിക്കുന്ന ടീച്ചര്‍മാരുടെ മുന്നില്‍ എത്തിയപ്പോഴേക്കും എന്‍റെ എല്ലാ ധൈര്യവും പോയി. ആദ്യത്തെ കുറേ വരികള്‍, താരതമ്യേനെ എളുപ്പമുള്ള വരികള്‍, കഴിഞ്ഞപ്പോള്‍ ഒന്നും ഓര്‍മ കിട്ടാതെയായി. ഒടുക്കം മുഴുവന്‍ പൂര്‍ത്തിയാക്കാതെ ഞാന്‍ നന്ദി നമസ്കാരം പറഞ്ഞു. അന്ന് പാടിത്തീര്‍ക്കാഞ്ഞതില്‍ അപ്പോള്‍ വിഷമമൊന്നും തോന്നിയിരുന്നില്ല. പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞ് തോന്നിയപ്പോഴേയ്ക്കും ശബ്ദം ബാല്യത്തിന്‍റെ നനുനനുപ്പ് വിട്ട് കൗമാരത്തിന്‍റെ കനകനപ്പില്‍ എത്തിയിരുന്നു.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ നന്നായി എന്ന് തോന്നുന്നു. മകന് കൊടുക്കാന്‍ പറ്റാതെ പോയ മാമ്പഴവുമായി അവനെ അടക്കിയ മണ്ണിന് മുന്നില്‍ നിസഹായയായി നിന്നുപോയ ആ അമ്മയെപ്പോലെ, ഞാനും, പാടി മുഴുമിക്കുവാന്‍ ആവാത്ത കവിതയുമായി എന്‍റെ ഗതകാലസ്മരണകളുടെ കുഴിമാടത്തിന് മുന്നില്‍ ഇതാ, ഇങ്ങനെ നില്‍ക്കുന്നു. കടന്നുപോയവയുടെ സൗരഭ്യത്തിന്‍റെ അവശേഷിപ്പുകളും പേറി ഒരു കുളിര്‍ക്കാറ്റെങ്കിലും എത്തുമെന്ന പ്രതീക്ഷയോടെ!

No comments:

Post a Comment