ഞാന്‍ ജനിച്ചുവളര്‍ന്ന കുറുമ്പനാടത്ത് ചുറ്റും വേദനയനുഭവിച്ചുകൊണ്ടിരുന്ന നിരാലംബര്‍ക്ക് ആശ്രയമായി, കണ്ടുമുട്ടുന്നവര്‍ക്ക് ഒരു പുഞ്ചിരിയിലൂടെ പകരുന്ന ചൈതന്യമായി, എല്ലാവര്‍ക്കും അമ്മയായി ഒരു കന്യാസ്ത്രീ ജീവിച്ചിരുന്നു. കുറുമ്പനാടത്തിന്‍റെ, ഞങ്ങളുടെ സ്വന്തം നെസ്റ്റോറമ്മ എന്ന സിസ്റ്റര്‍ നെസ്റ്റോര്‍. ഏതാനും വര്‍ഷങ്ങള്‍ മാത്രമേ അമ്മയെ എനിക്ക് പരിചയമുള്ളൂ. ചെറുപ്പത്തില്‍ ഏറെ കണ്ടിട്ടുണ്ടാവുമെങ്കിലും നെസ്റ്റോറമ്മയെക്കുറിച്ചുള്ള എന്‍റെ ആദ്യ ഓര്‍മ്മ നാലാം ക്ലാസില്‍ വെച്ച് ആദ്യ കുര്‍ബാനസ്വീകരണം കഴിഞ്ഞ് അതേ വേഷത്തില്‍ അച്ചാച്ചനോടും അമ്മയോടുമൊപ്പം കാണാന്‍ ചെല്ലുമ്പോള്‍ അള്‍ത്താരബാലന്‍ ആകാനുള്ള പരിശീലനത്തിനായി നെസ്റ്റോറമ്മ എന്നെ വിളിക്കുന്നതാണ്.
അച്ചാച്ചന്‍റെ ചെറുപ്പം മുതല്‍ത്തന്നെ നെസ്റ്റോറമ്മയെ അറിയാം. ആദ്യം അധ്യാപികയായും പിന്നെ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം സഹപ്രവര്‍ത്തകയായും. നെസ്റ്റോറമ്മയുടെ മുന്നിലും എന്തിന് വീട്ടില്‍ വെച്ച് സംസാരിക്കുമ്പോള്‍ പോലും അച്ചാച്ചന്‍ പ്രകടിപ്പിക്കുന്ന ബഹുമാനവും ആദരവും കൊണ്ടാവാം അല്‍പ്പമൊക്കെ പേടിച്ചുതന്നെയാണ് നെസ്റ്റോറമ്മയുടെ അടുത്ത് ആദ്യമൊക്കെ ചെല്ലുക.
പിന്നെ ആ പേടി ആദരവും ഇഷ്ടവുമായി മാറി. അള്‍ത്താരബാലന്‍ ആകുവാനുള്ള പരിശീലനത്തിനിടയില്‍ വായിക്കുന്ന ഭാഗങ്ങളില്‍ തെറ്റ് വരുത്തിയാല്‍ ചെവിക്ക് പതിയെ ഒരു കിഴുക്ക് കിട്ടും. എന്നാല്‍, വീണ്ടും തെറ്റിക്കാന്‍ ഇടവരാതെ നോക്കുമെങ്കിലും ആ കിഴുക്ക് കിട്ടുന്നത് ഇത്തിരി സന്തോഷമുള്ള കാര്യമായിരുന്നു. കാരണം കിഴുക്ക് കിട്ടിയാല്‍ പോകാന്‍ നേരം ഒരു മിട്ടായിയും കിട്ടും എന്നത് തന്നെ. കണിശക്കാരിയായിരുന്നു നെസ്റ്റോറമ്മ. തെറ്റ് ചെയ്യുന്നത് ആരായാലും അവരെ ശാസിക്കാന്‍ മടി കാണിക്കാത്ത പ്രകൃതം. പക്ഷേ, നെസ്റ്റോറമ്മ വഴക്ക് പറഞ്ഞെന്ന പേരില്‍ ആരും അമ്മയുമായി അകല്‍ച്ച ഉണ്ടാക്കിയിട്ടില്ല. ശരിയായ കാര്യത്തിനുവേണ്ടിയേ അമ്മ ശബ്ദമുയര്‍ത്തൂ എന്ന് എല്ലാവര്‍ക്കും അറിയാം. തെറ്റ് കാണിച്ചു വഴക്ക് പറഞ്ഞവനെപ്പോലും തൊട്ടടുത്ത നിമിഷം സ്നേഹം കൊണ്ട് കയ്യിലെടുക്കുവാനും അമ്മയ്ക്ക് കഴിഞ്ഞിരുന്നു. അതായിരുന്നു നെസ്റ്റോറമ്മയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ നന്മ. എല്ലാവരുടെയും മനസിലെ നന്മ കാണുവാനുള്ള ആ വലിയ കഴിവ് അമ്മയ്ക്കുണ്ടായിരുന്നു.
ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്താണ് നെസ്റ്റോറമ്മ മരിക്കുന്നത്. അന്ന് അന്ത്യശുശ്രൂഷയ്ക്കായി കുറുമ്പനാടത്തും സമീപപ്രദേശങ്ങളിലുമുള്ള ആളുകളെക്കൊണ്ട് പള്ളിയും പരിസരവും നിറഞ്ഞുകവിഞ്ഞത് ഇന്നും ഓര്‍മയുണ്ട്. നെസ്റ്റോറമ്മയെ ഞാന്‍ നേരിട്ട് അറിഞ്ഞതിലും അധികം മറ്റുള്ളവരുടെ വാക്കുകളിലൂടെയാണ് മനസിലാക്കിയിട്ടുള്ളത്. ഒരു കന്യാസ്ത്രീക്ക് അവള്‍ ആയിരിക്കുന്ന സ്ഥലത്ത് എങ്ങനെ ഒരു പ്രകാശദീപം ആകുവാന്‍ സാധിക്കും എന്നതിന്‍റെ ഉത്തമഉദാഹരണമായിരുന്നു നെസ്റ്റോറമ്മ. നേരിട്ട് ഒരുപാട് സമയം അടുത്ത് ആയിരുന്നിട്ടുണ്ടെങ്കിലും ഒരു പരിധിക്കപ്പുറം അമ്മയുടെ വ്യക്തിത്വത്തെ മനസിലാക്കുവാനുള്ള കഴിവ് അന്ന് ഇല്ലായിരുന്നല്ലോ. സംസ്കാരശുശ്രൂഷയില്‍ പങ്കെടുത്ത പ്രായമായ ആളുകള്‍ പോലും കരയുന്നത് കണ്ടപ്പോള്‍ അന്ന് അത് മനസിലാക്കാനുള്ള കഴിവുണ്ടായിരുന്നില്ല.
അടക്ക് കഴിഞ്ഞ് പള്ളിമൈതാനത്ത് അനുസ്മരണ സമ്മേളനം നടന്നപ്പോള്‍ അള്‍ത്താരബാലസഖ്യത്തിന്‍റെ പ്രതിനിധിയായി സംസാരിക്കുക എന്ന ചുമതല എനിക്കുമുണ്ടായിരുന്നു. എഴുതിതയാറാക്കിയ പ്രസംഗം കാണാതെ പഠിച്ച് പറയാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ വേദിയില്‍ അച്ചാച്ചന്‍ സംസാരിക്കുകയായിരുന്നു. അത്രയും ആളുകളുടെ മുന്നില്‍ കരച്ചിലടക്കിയും ഇടയ്ക്കൊക്കെ കരഞ്ഞും അച്ചാച്ചന്‍ സംസാരിക്കുന്നത് കേട്ടിട്ട് ഞാനും സങ്കടപ്പെട്ടിട്ടുണ്ട്. ഏറെ നാളത്തെ ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണം എന്നോണം കഴിഞ്ഞ വര്‍ഷം വീട്ടില്‍ കാരണവന്മാരുടെ ഫോട്ടോ വച്ചിരിക്കുന്നതിനോപ്പം നെസ്റ്റോറമ്മയുടെ ഫോട്ടോ കൂടി അച്ചാച്ചന്‍ വച്ചപ്പോള്‍ അച്ചാച്ചനോട് എന്തെന്നില്ലാത്ത ഒരു ഇഷ്ടം തോന്നി. ഇന്നിപ്പോ ആരെങ്കിലും വീട്ടില്‍ വന്ന് ആ ഫോട്ടോ കണ്ട് "ഈ സിസ്റ്റര്‍ നിങ്ങളുടെ ആരാ?" എന്ന് ചോദിക്കുമ്പോള്‍ അഭിമാനത്തോടെ തന്നെ ഞാന്‍ പറയും "എന്‍റെ അച്ചാച്ചനെ പഠിപ്പിച്ച ടീച്ചറാണ്. നെസ്റ്റോറമ്മ." എന്ന്.
നെസ്റ്റോറമ്മയെപ്പറ്റി പറഞ്ഞു തന്നിട്ടുള്ള പല അനുഭവങ്ങളില്‍ എന്നെ ഏറെ സ്പര്‍ശിച്ച ഒന്നുണ്ട്. അധ്യാപകന്‍ ആയി ജോലി തുടങ്ങിയ സമയത്ത് നെസ്റ്റോറമ്മ അച്ചാച്ചനോട് പറഞ്ഞതിങ്ങനെ: "കുട്ടികളെ ഒരുകാരണവശാലും തല്ലരുത്. അവരെ ശിക്ഷിക്കാന്‍ നമ്മുക്ക് ഒരു അധികാരമോ അര്‍ഹതയോ ഇല്ല. കാരണം, അവര്‍ എങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്നാണ് സ്കൂളില്‍ എത്തുന്നത് എന്ന് നമ്മുക്ക് അറിയില്ലല്ലോ!" (ആശയം ഇതാണ്. ഓര്‍മയില്‍ നിന്ന് എഴുതിയതായത് കൊണ്ട് മാറ്റം വന്നിട്ടുണ്ടാവാം.) എല്ലാവരെയും മനസിലാക്കുവാന്‍ ശ്രമിക്കുന്ന ആ വലിയ മനസ് കൊണ്ടാണ് കുറുമ്പനാടത്തുകാരുടെ ഉള്ളില്‍ ഒരു മാലാഖയെപ്പോലെ നെസ്റ്റോറമ്മ ഇന്നും ജീവിക്കുന്നത്.